എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: കോടതിയെ സമീപിച്ച് രമ്യ ഹരിദാസ്
രണ്ടാഴ്ച്ചയായിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് എടുക്കണോയെന്നതില്‍ നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നാണ് പോലിസ് ഭാഷ്യം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
ആലത്തൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തിനെതിരേ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കോടതില്‍. അശ്ലീല പരാമര്‍ശത്തിനെതിരേ പോലിസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് രമ്യ നേരിട്ട് കോടതിയിലെത്തിയത്. പോലിസിന്റെ ഭാഗത്തുനിന്ന് നീതി നിഷേധം ഉണ്ടായതു കൊണ്ടാണ് കോടതിയെ സമീപിച്ചതെന്ന് രമ്യ പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ദ്വയാര്‍ത്ഥമുള്ള അശ്ലീല പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പോലിസില്‍ പരാതി നല്‍കിയിരുന്നു.
തിരൂര്‍ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ രണ്ടാഴ്ച്ചയായിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് എടുക്കണോയെന്നതില്‍ നിയമോപദേശം തേടി കാത്തിരിക്കുകയാണെന്നാണ് പോലിസ് ഭാഷ്യം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം നടത്തിയത്. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.
എ വിജയരാഘവനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനം. പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കിക്കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, തിരഞ്ഞെടുപ്പുകാലമായതിനാല്‍ വിജയരാഘവനെതിരേ പരസ്യമായ വിമര്‍ശനമോ അഭിപ്രായപ്രകടനമോ വേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.