രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസ് വിജയിക്കുകയാണെങ്കില്‍ കുന്ദമംഗലത്തെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് രാജി.
കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസ് വിജയിക്കുകയാണെങ്കില്‍ കുന്ദമംഗലത്തെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് രാജി.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രമ്യ ആലത്തൂരില്‍ ജയിച്ചാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയും പഞ്ചായത്ത് അംഗത്വവും ഒഴിയേണ്ടിവരും. ഈ സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.
ലോക്‌സഭാ ഫലം വന്ന ശേഷം രമ്യ രാജിവെച്ചാല്‍ ഇരുമുന്നണികളുടേയും സീറ്റുകള്‍ ഒമ്പതു വീതമാകും.ഈ ഘട്ടത്തില്‍ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.അതേസമയം, രമ്യ തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പ്രസിഡന്റ് പദവി രാജിവെച്ച് അംഗമായി തുടര്‍ന്ന്് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉപയോഗിച്ച് യുഡിഎഫിന് പഞ്ചായത്ത് ഭരണം നിലനിര്‍ത്താം. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജിയെയാണ് പ്രസിഡന്റ് പദവിയിലേക്ക് യുഡിഎഫ് പരിഗണിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റാലും രമ്യാ ഹരിദാസിനെ ആലത്തൂരില്‍ സജീവമാക്കാനാണ് യുഡിഎഫ് തീരുമാനം. രണ്ടു നിയമസഭാ സംവരണ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലത്തൂരില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രമ്യയെ മുന്‍നിര്‍ത്തി പോരാടാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചതെന്നും ഏല്‍പ്പിച്ച ജോലി ഉത്തരവാദിതത്തോടെ ചെയ്യാനായി എന്നതില് ചാരിതാര്‍ത്ഥ്യമുണ്ടെന്നും രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.