കാനഡയിലെ ഫലസ്തീന്‍ അനുകൂല തൊഴിലാളികളെ യുഎഇ കമ്പനി സസ്‌പെന്റ് ചെയ്തു
ഇസ്രായേല്‍ സാധനങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് ദ ബോട്ട് പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു തൊഴിലാളികള്‍ കപ്പല്‍ തടയുകയും അണ്‍ലോഡിങിന് വിസമ്മതിക്കുകയും ചെയ്തത്.
അബുദബി: ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് വടക്കന്‍ ബ്രിട്ടീഷ് കൊളംബിയയിലെ പ്രിന്‍സ് റൂപര്‍ട്ട് തീരത്ത് ഇസ്രായേല്‍ കപ്പലായ സിം വോളന്‍സ് നങ്കൂരമിടുന്നത് തടയുകയും സാധനങ്ങള്‍ ഇറക്കുന്നതിന് വിസമ്മതിക്കുകയും ചെയ്ത 94 തുറമുഖ തൊഴിലാളികളെ മൂന്ന് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്ത് ദുബയ് പോര്‍ട്ട്‌സ് വേള്‍ഡ് (ഡിപി വേള്‍ഡ്). ഇസ്രായേല്‍ സാധനങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് ദ ബോട്ട് പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു തൊഴിലാളികള്‍ കപ്പല്‍ തടയുകയും അണ്‍ലോഡിങിന് വിസമ്മതിക്കുകയും ചെയ്തത്.ഇസ്രായേല്‍ ഷിപ്പിങ് കമ്പനിയായ സിമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രക്ഷോഭക്കാര്‍ തടഞ്ഞ വോളന്‍സ് കണ്ടെയ്‌നര്‍ കപ്പല്‍.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദുബയ് വേള്‍ഡിന് കീഴിലുള്ള ഡിപി വേള്‍ഡ് 40 രാജ്യങ്ങളിലായി 78 ഓപ്പറേറ്റിംഗ് ടെര്‍മിനലുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അവയില്‍ പലതും കാനഡയിലാണെന്നും മൊണ്ടോവീസ് വാര്‍ത്താ സൈറ്റ് റിപോര്‍ട്ട് ചെയ്തു.
ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള സംയുക്ത ലേലം ഉള്‍പ്പെടെ നിരവധി സഹകരണ കരാറുകളില്‍ കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ കമ്പനിയായ ഡോവര്‍ ടവറും ഡിപി വേള്‍ഡും ഒപ്പുവച്ചിരുന്നു.
മൊണ്ടോവീസ് പറയുന്നതനുസരിച്ച്, ബ്ലോക്ക് ദ ബോട്ട് പിക്കറ്റിന് പിന്തുണയ്ക്കുകയും ഐക്യദാര്‍ഢ്യ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത തൊഴിലാളികള്‍ക്കെതിരേ ഡിപി വേള്‍ഡ് നേരത്തെയും ശിക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു.
2018 ഡിസംബറില്‍ കാനഡയുടെ കിഴക്കന്‍ തീരത്തെ തുറമുഖ തൊഴിലാളികള്‍ സൗദി അറേബ്യയിലേക്കുള്ള കാനഡയുടെ ആയുധ വില്‍പ്പനയില്‍ പ്രതിഷേധിച്ച് തൊഴില്‍ പണിമുടക്ക് നടത്തിയതിനും ഡിപി വേള്‍ഡ് അതിന്റെ ജീവനക്കാരെ ശിക്ഷിച്ചിരുന്നു.