ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2021-06-24 10:37 GMT
തെഹ്‌റാന്‍: ആണവ ഊര്‍ജ്ജ കേന്ദ്രത്തെ ലക്ഷ്യമിട്ട് നടന്ന 'അട്ടിമറി ആക്രമണം' പരാജയപ്പെടുത്തിയതായി ഇറാന്‍. നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

'അവരുടെ പദ്ധതി നടപ്പാക്കുന്നതില്‍ അട്ടിമറിക്കാര്‍ പരാജയപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല'-സ്‌റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറ് കരാജ് നഗരത്തിനടുത്തെ കെട്ടിടത്തിനു നേരെയാണ് ആക്രമണണ ശ്രമമുണ്ടായതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ആക്രമണ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് അമേരിക്ക ഏകപക്ഷീയമായി പിന്‍വലിച്ച 2015 ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ തെഹ്‌റാനും ലോകത്തെ പ്രധാന ശക്തികളും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആക്രമണ ശ്രമം.

Tags:    

Similar News