രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന റിപോര്‍ട്ടുകള്‍ അപഹാസ്യം;പാര്‍ട്ടി അനുമതിയോടെ പുതിയ സംരംഭം തുടങ്ങും:ജെയിംസ് മാത്യു

ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങുമെന്നാണ് ജെയിംസ് മാത്യു പറയുന്നത്

Update: 2022-04-27 07:14 GMT

കണ്ണൂര്‍:സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജയിംസ് മാത്യു.പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും,വിരമിച്ചെന്ന് പ്രചരിപ്പിച്ചവര്‍ പരിഹാസ്യരായി.പാര്‍ട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും ജെയിംസ് മാത്യു പറഞ്ഞു.

ബേബി റൂട്ട്‌സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂണ്‍ ഒന്നു മുതല്‍ കണ്ണൂര്‍ തളാപ്പില്‍ തുടങ്ങുമെന്നാണ് ജെയിംസ് മാത്യു പറയുന്നത്.ശിശു പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂര്‍ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കും.പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതിനാല്‍ കൂടുതല്‍ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവായത് എന്നും ജയിംസ് മാത്യു വ്യക്തമാക്കി.

സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്.വ്യക്തിപരമായ കാരണങ്ങളാല്‍ ജെയിംസ് മാത്യൂ സജീവ രാഷ്ട്രീയം വിടുകയാണെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിവരം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപോര്‍ട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങള്‍ക്കിത് വാര്‍ത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്ന് ജെയിംസ് മാത്യു പറഞ്ഞു.

ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാനകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ജില്ലാകമ്മിറ്റിയില്‍ തുടരണമെന്ന നിര്‍ദ്ദേശം സിപിഎം മുന്നോട്ട് വച്ചെങ്കിലും അദ്ദേഹം അതും നിരസിക്കുകയായിരുന്നു.

സംഘടന ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ റിട്ടയര്‍മെന്റ് വേണം എന്ന നിലപാടാണ് തനിക്കെന്ന് ജയിംസ് മാത്യു പറഞ്ഞു.ഒരുപാട് കഴിവുള്ളവര്‍ പുറത്തുണ്ട്. അവര്‍ക്ക് അവസരം നല്‍കണമെന്നും ജയിംസ് മാത്യു വ്യക്തമാക്കി.

പത്ത് വര്‍ഷക്കാലം തളിപ്പറമ്പ് എംഎല്‍എയായിരുന്നു ജെയിംസ് മാത്യൂ. എസ്എഫ്‌ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം മുതല്‍, അഖിലേന്ത്യ തലം വരെ പ്രവര്‍ത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു. കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ മത്സരിച്ചെങ്കിലും തളിപറമ്പില്‍ നിന്നാണ് വിജയിച്ചത്.

Tags:    

Similar News