മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം: വ്യവസ്ഥകള്‍ പുറത്തിറങ്ങി
അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെടാത്തവരായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഉത്തരവിറങ്ങി. അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെടാത്തവരായിരിക്കണം.
കുടുംബ വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. കുടംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ മുനിസിപ്പാലിറ്റി/ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍ നിന്നുള്ള കാര്‍ഷിക വരുമാനം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കണം.
കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കില്‍ രണ്ടര ഏക്കറിലും മുനിസിപ്പല്‍ പ്രദേശങ്ങളിലാണെങ്കില്‍ 75 സെന്റിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലാണെങ്കില്‍ 50 സെന്റിലും അധികരിക്കാന്‍ പാടില്ല.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറില്‍ അധികരിക്കാന്‍ പാടില്ല. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ ആകെ ഭൂവിസ്തൃതി 75 സെന്റില്‍ അധികരിക്കാന്‍ പാടില്ല. ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും. ഭൂമി എന്നതില്‍ എല്ലാത്തരം ഭൂമിയും ഉള്‍പ്പെടും.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പല്‍ പരിധിയില്‍ 20 സെന്റിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 15 സെന്റിലും അധികരിക്കാന്‍ പാടില്ല. കുടംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കില്‍ അവയെല്ലാം കൂട്ടിച്ചേര്‍ത്തായിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക. മുനിസിപ്പല്‍ പരിധിയിലും കോര്‍പ്പറേഷന്‍ പരിധിയിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ത്ത് കണക്കാക്കിയാല്‍ വിസ്തൃതി 20 സെന്റില്‍ അധികരിക്കാന്‍ പാടില്ല. ഹൗസ് പ്ലോട്ട് എന്നാല്‍ വീട് നില്‍ക്കുന്നതോ, വീട് നിര്‍മ്മിക്കാന്‍ കഴിയുന്നതോ ആയ ഭൂമി എന്നര്‍ഥം.
അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ മറ്റ് മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ തന്നെ ഈ സംവരണാനുകൂല്യത്തിന് അര്‍ഹരാണ്. അതിലേയ്ക്കായി ഈ വിഭാഗത്തിലുള്ള അപേക്ഷകര്‍ പ്രസ്തുത വിഭാഗങ്ങള്‍ക്കായി നല്‍കിയിട്ടുള്ള റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വരുമാന, അസറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്ന വര്‍ഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് അടിസ്ഥാനമാക്കുക.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങള്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ സത്യവാങ്മൂലമായി അപേക്ഷര്‍ സമര്‍പ്പിക്കണം. അതതു വില്ലേജോഫീസര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്‍ ആക്ഷേപമുള്ളപക്ഷം ബന്ധപ്പെട്ട തഹസീല്‍ദാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. വിഷയത്തില്‍ പുനപരിശോധന ആവശ്യമുള്ള പക്ഷം ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്ന അവകാശവാദം പരിശോധനയില്‍ തെറ്റാണെന്നോ/ വ്യാജമാണെന്നോ കണ്ടെത്തുന്ന പക്ഷം അപേക്ഷകന്‍/ അപേക്ഷകയുടെ നിയമനം മറ്റ് കാരണങ്ങള്‍ വ്യക്തമാക്കാതെ ഉടന്‍ പ്രാബല്യത്തില്‍ റദ്ദാക്കുന്നതും, ഇത് സര്‍ക്കാരിന്റെ അനുമതിയോടുകൂടി പൊതുമേഖലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന് ഉചിതമെന്നു തോന്നുന്ന തുടര്‍നടപടിയ്ക്ക് വിധേയമാക്കാം.
പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും പുനപരിശോധിച്ച് ആവശ്യമുള്ള പക്ഷം ഭേദഗതി വരുത്തും.
സംവരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര സെല്‍ രൂപീകരിക്കുകയോ അല്ലെങ്കില്‍ അതിലേയ്ക്കായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയോ ചെയ്യണം. പരാതികള്‍ പരിഹരിച്ചത് സംബന്ധിച്ച ആനുകാലിക റിപ്പോര്‍ട്ടുകള്‍ പൊതുഭരണ (ഏകോപന) വകുപ്പില്‍ ലഭ്യമാക്കണം.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നികത്തപ്പെടാത്ത ഒഴിവുകള്‍ സംബന്ധിച്ച ആനുകാലിക റിപ്പോര്‍ട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പൊതു ഭരണ (ഏകോപന) വകുപ്പില്‍ ലഭ്യമാക്കണം. കൂടാതെ ആറ് മാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.
സംവരണം നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു മോണിറ്ററിംഗ് സെല്‍ പൊതുഭരണ (ഏകോപന) വകുപ്പില്‍ രൂപീകരിച്ച് ഇതുമായി ബന്ധപ്പെട്ട പരാതികള്‍/ഹര്‍ജികളും തീര്‍പ്പാക്കണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന സംവരണം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട നിയമന ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വരുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനത്തിനായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണാനുകൂല്യത്തിന് ജനുവരി മൂന്ന് മുതല്‍ പ്രാബല്യമുണ്ടായിരിക്കും.