യഹ്‌യാ സിന്‍വാറിന്റെ മരണം: അനുശോചിച്ച് പ്രാദേശിക പ്രതിരോധ സംഘടനകള്‍

ഫലസ്തീനിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി സംഘടനകളാണ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്

Update: 2024-10-18 16:32 GMT

ബെയ്‌റൂത്ത്: ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ മരണത്തില്‍ അനുശോചിച്ച് പ്രതിരോധ സംഘടനകള്‍. ഫലസ്തീന്‍ ജനതയ്ക്കും ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും ഹിസ്ബുല്ല ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അമേരിക്കന്‍, സയണിസ്റ്റ് പദ്ധതികള്‍ക്കെതിരായ പോരാട്ടത്തിന് സിന്‍വാര്‍ നേതൃത്വം നല്‍കി. ആത്യന്തികമായി രക്തസാക്ഷിത്വവും ചെറുത്തുനില്‍പ്പില്‍ ഏറ്റവും ഉയര്‍ന്ന ബഹുമതിയും നേടിയെടുക്കാന്‍ തന്റെ രക്തവും ജീവനും സിന്‍വാര്‍ അര്‍പ്പിച്ചുവെന്ന് ഹിസ്ബുല്ല അഭിപ്രായപ്പെട്ടു

ഫലസ്തീന്‍  ഇസ്‌ലാമിക് ജിഹാദ്

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദും (പിഐജെ) യഹ്‌യാ സിന്‍വാറിനെ പ്രശംസിച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി. ജയിലിലായാലും യുദ്ധക്കളത്തിലായാലും ജനങ്ങളുടെ നേതൃത്വത്തിലായാലും ചെറുത്തുനില്‍പ്പിനുള്ള അശ്രാന്തമായ സമര്‍പ്പണമാണ് സിന്‍വാറിന്റെ ജീവിതം അടയാളപ്പെടുത്തിയത്. മുന്നില്‍ നിന്ന് നയിക്കാന്‍ ഒരിക്കലും മടിക്കാത്ത മഹാനായ നേതാവിനെ നഷ്ടമായെന്ന് പിഐജെ സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖല പ്രസ്താവനയില്‍ പറഞ്ഞു.

അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡുകള്‍

സയണിസ്റ്റ് അധിനിവേശത്തെ ചെറുക്കാന്‍ ജീവിതം സമര്‍പ്പിച്ച ധീരനായ നേതാവും മുന്‍ തടവുകാരനുമായി സിന്‍വാറിനെ വാഴ്ത്തി ഫതഹിന്റെ സൈനിക വിഭാഗമായ അല്‍അഖ്‌സ രക്തസാക്ഷികളുടെ ബ്രിഗേഡുകളും അനുശോചനം രേഖപ്പെടുത്തി.

പിഎഫ്എല്‍പി

സിന്‍വാറിനെ ദേശീയ നായകനായും ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായും വിശേഷിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അബു അലി മുസ്തഫ ബ്രിഗേഡ്‌സ്

സിന്‍വാറിന്റെ ത്യാഗം ഫലസ്തീനെ നദി മുതല്‍ സമുദ്രം വരെ വിമോചിപ്പിക്കാന്‍ സഹായിക്കുമെന്ന് പിഎഫ്എല്‍പിയുടെ സൈനിക വിഭാഗമായ അബു അലി മുസ്തഫ ബ്രിഗേഡ്‌സ് പ്രഖ്യാപിച്ചു.

ഡിഎഫ്എല്‍പി

ജനങ്ങളോടുള്ള സിന്‍വാറിന്റെ സമര്‍പ്പണത്തെയും ഇസ്രായേലിനെതിരായ പോരാട്ടത്തെയും ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ്  ഫലസ്തീന്‍ (ഡിഎഫ്എല്‍പി) പ്രകീര്‍ത്തിച്ചു.

മുജാഹിദ് പ്രസ്ഥാനം

ഫലസ്തീന്‍  മുജാഹിദീന്‍ പ്രസ്ഥാനവും അതിന്റെ സൈനിക വിഭാഗമായ മുജാഹിദ്ദീന്‍ ബ്രിഗേഡുകളും സിന്‍വാറിനെ പ്രശംസിച്ചു, അദ്ദേഹത്തെ ഉറച്ച ദേശീയ നേതാവും പോരാളിയുമാണെന്ന് വിശേഷിപ്പിച്ചു.

Tags:    

Similar News