എഡിഎം നവീന്‍ ബാബുവിന്റെ മരണം: ഉന്നതതല അന്വേഷണത്തിന് റവന്യു വകുപ്പ്
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യു വകുപ്പ് ഉന്നതതല അന്വേഷണത്തിന്. മരണവുമായി ബന്ധപ്പെട്ട ആറു കാര്യങ്ങള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് പറയുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത്, അതിന് എന്തൊക്കെ തെളിവുകളാണ് ദിവ്യയുടെ കൈവശമുള്ളത്, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്ന കാര്യത്തില്‍ എന്താണ് സംഭവിച്ചത്, പെട്രോള്‍ പമ്പ് ഉടമയുടെ പരാതിയില്‍ എന്താണ് പറയുന്നത്, ആരോപണങ്ങള്‍ക്ക് എന്ത് തെളിവുകളാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കേണ്ടത്.
മരണത്തില്‍ നവീന്‍ ബാബുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദിവ്യക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റമാണ് ദിവ്യക്കെതിരേ ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ ദിവ്യ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. കലക്ടറുടെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കലക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യയുടെ പരാമര്‍ശങ്ങളെക്കുറിച്ച് കലക്ടര്‍ക്ക് മുന്‍കൂര്‍ അറിവെന്ന് സംശയിക്കുന്നതായും കലക്ടര്‍ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി.