റിങ്കു ശര്‍മ വധം: രാമക്ഷേത്ര ഫണ്ട് ശേഖരണത്തിനിടെയെന്ന കുപ്രചാരണവുമായി വിഎച്ച്പി; ബിസിനസ് തര്‍ക്കമെന്ന് പോലിസ്
റിങ്കു ശര്‍മ ജന്മദിന പാര്‍ട്ടി നടക്കുന്നതിനിടേയാണ് കൊല്ലപ്പെട്ടതെന്നും ബിസിനസ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട സംഭവം വര്‍ഗീയ വല്‍കരിക്കാനൊരുങ്ങി വിഎച്ച്പി. ഡല്‍ഹി മന്‍കോല്‍പുരിയില്‍ ജന്മദിന പാര്‍ട്ടിക്കിടേയുണ്ടായ സംഘര്‍ഷത്തില്‍ റിങ്കു ശര്‍മ്മ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവമാണ് വിഎച്ച്പി വര്‍ഗീയ വല്‍കരിച്ചത്.
റിങ്കു ശര്‍മ ജന്മദിന പാര്‍ട്ടി നടക്കുന്നതിനിടേയാണ് കൊല്ലപ്പെട്ടതെന്നും ബിസിനസ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു. അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിനുള്ള പണപ്പിരിവിനിടേയാണ് റിങ്കു ശര്‍മ കൊല്ലപ്പെട്ടതെന്ന് വിഎച്ച്പി ആരോപിച്ചു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിബ്, മെഹ്താബ്, ഡാനിഷ്, ഇസ് ലാം എന്നിവരാണ് അറസ്റ്റിലായത്. ശര്‍മയും കൂട്ടുകാരും പ്രതികളായ യുവാക്കളും രോഹിണി സെക്ടറില്‍ രണ്ട് വര്‍ഷം മുന്‍പ് ഭക്ഷണ ശാലകള്‍ തുറന്നിരുന്നതായി പോലിസ് പറഞ്ഞു. റോഹിണി സെക്ടറില്‍ അടുത്തടുത്തായിരുന്നു ഇവരുടെ കടകള്‍. ബിസിനസുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിസിനസ് നഷ്ടത്തില്‍ ഇവര്‍ പരസ്പരം പഴിചാരിയിരുന്നതായും ഇത് തര്‍ക്കത്തിന് കാരണമാക്കിയെന്നും പോലിസ് പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടേയാണ് റിങ്കു ശര്‍മ കൊല്ലപ്പെട്ടത്. തര്‍ക്കത്തിനിടെ പ്രതികളിലൊരാള്‍ ശര്‍മയെ കുത്തിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് പോലിസ് പറഞ്ഞു.
'ബിസിനസ് തകര്‍ന്നതിന് ഇവര്‍ പരസ്പരം പഴിചാരിയിരുന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നു. ഇതിന് ശേഷം പ്രതികള്‍ ശര്‍മയുടെ വീട്ടിലേക്ക് വരികയായിരുന്നു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് റിങ്കു ശര്‍മ കുത്തേറ്റ് മരിച്ചത്'. സീനിയര്‍ പോലിസ് ഓഫിസര്‍ പറഞ്ഞു.
വിഎച്ച്പി പ്രവര്‍ത്തകനും റിങ്കുവിന്റെ സഹോദരുമായ മനു ശര്‍മ(19)യാണ് ഇത് രാമക്ഷേത്ര ഫണ്ട് ശേഖരവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന് ആദ്യം ആരോപിച്ചത്. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം തര്‍ക്കം ഉണ്ടായിരുന്നതായി മനു ശര്‍മ പറഞ്ഞു. വിഎച്ച്പി ദേശീയ നേതാക്കളും വിഷയം ഏറ്റെടുത്തു.