ട്രെയിനിലെ കവര്‍ച്ച; പ്രതികളെ ശുചിമുറി തകര്‍ത്ത് പോലിസ് പിടികൂടി

Update: 2023-10-26 07:15 GMT

കണ്ണൂര്‍: തീവണ്ടിയാത്രക്കാരെ കൊള്ളയടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ റെയില്‍വേ പോലിസ് ട്രെയിനിലെ ശുചിമുറി തകര്‍ത്ത് പിടികൂടി. കല്‍വാത്തി ഫോര്‍ട്ട് കൊച്ചി സ്വദേശി പുഴക്കര ഇല്ലത്ത് വീട്ടില്‍ തന്‍സീര്‍(19), മട്ടാഞ്ചേരി സ്വദേശിയായ 17 കാരന്‍ എന്നിവരെയാണ് കണ്ണൂര്‍ റെയില്‍വേ പോലിസ് പിടികൂടിയതി.

    ഇന്ന് പുലര്‍ച്ചെ മൂന്നോടെ തിരുവനന്തപുരം-മംഗലാപുരം-മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ യാത്രക്കാരന്റെ ബാഗില്‍ നിന്നും പണവും ഫോണും രേഖകളും ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയതായി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രെയിനില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് പുലര്‍ച്ചെ യാത്രക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ എസ് 4 കോച്ചില്‍ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന കൊല്ലം സ്വദേശിനിയായ ബിഡിഎസ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഇതേത്തുടര്‍ന്ന് റെയില്‍വെ പോലിസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് എസ് ഒമ്പത് കോച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിഇയുടെ ബാഗില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. പിന്നീട് എ വണ്‍ കോച്ചില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ പേഴ്‌സും കവര്‍ന്നു. ട്രെയിനില്‍ ചുറ്റിക്കറങ്ങുന്നതിനിടെ കോച്ചുകളില്‍ പോലിസ് പരിശോധന ശ്രദ്ധയില്‍പ്പെട്ട ഇരുവരും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ശുചിമുറിയില്‍ കയറി അകത്ത് നിന്നും പൂട്ടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വാതില്‍ തുറക്കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ റെയില്‍വേ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹായത്തോടെ ശുചിമുറിയുടെ വാതില്‍ പൊളിച്ച് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് നിരവധി കവര്‍ച്ച നടത്തിയ വിവരം പുറത്തായത്. പോലിസ് പിടികൂടുമെന്നുറപ്പായതോടെ വിദ്യാര്‍ഥിനിയുടെ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചതായി പ്രതികള്‍ മൊഴി നല്‍കിയതായും പോലിസ് പറഞ്ഞു. പിടിയിലായ തന്‍സീര്‍ കോഴിക്കോട് ബീവറേജ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ്. മയക്കുമരുന്ന് കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായും പോലിസ് പറഞ്ഞു. ഇരുവരെയും ഷൊര്‍ണൂര്‍ പോലിസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് മലബാര്‍ എക്‌സ്പ്രസ് 20 മിനിറ്റ് വൈകിയാണ് പിന്നീട് യാത്ര തുടര്‍ന്നത്. സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സുരേഷ് കക്കറ, സിവില്‍ പോലിസ് ഓഫിസര്‍ മഹേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News