കര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ കേസ്

Update: 2024-04-26 10:44 GMT

ബെംഗളൂരു: സംസ്ഥാനത്തെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു തലേദിവസമാ ഇന്നലെ ചിക്കബെല്ലാപുര ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് 4.8 കോടി രൂപ പിടിച്ചെടുത്തു. യെലഹങ്കയിലെ ഒരു വീട്ടില്‍ നിന്ന് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നടപ്പാക്കുന്നതിന്റെ ചുമതലയുള്ള സ്‌ക്വാഡിന്റെ പരിശോധനയില്‍ വന്‍ തുക കണ്ടെത്തിയത്. ഗോവിന്ദപ്പ എന്നായുളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 500 രൂപയുടെ കെട്ടുകള്‍ കണ്ടെടുത്തതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടുടമസ്ഥനെ ചോദ്യം ചെയ്തതിന് ശേഷമാണ് ബിജെപി സ്ഥാനാര്‍ഥി ഡോ. കെ സുധാകറിനെതിരേ കേസെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ആദായനികുതി വകുപ്പും കൂടുതല്‍ അന്വേഷണത്തിനായി കേസ് എടുക്കുമെന്നാണ് റിപോര്‍ട്ട്.

    വ്യാഴാഴ്ച രാത്രി 4.8 കോടി രൂപ പിടിച്ചെടുത്തതോടെ മാര്‍ച്ച് 16ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ബെംഗളൂരുവില്‍ പിടിച്ചെടുത്ത കള്ളപ്പണം ഏകദേശം 17 കോടി രൂപയായി ഉയര്‍ന്നു. കര്‍ണാടകയില്‍ ഉടനീളം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ 50 കോടി രൂപയുടെ പണം, മദ്യം, മയക്കുമരുന്ന്, വിലപിടിപ്പുള്ള ലോഹങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഫഌയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും പോലിസും ചേര്‍ന്ന് 6,552 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണത്തിന് പുറമെ 4.67 ലക്ഷം ലിറ്റര്‍ മദ്യവും 227 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു. കര്‍ണാടകയിലെ 28 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 26നും മെയ് 7നും രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

Tags:    

Similar News