'നമ്മളെ കൊണ്ട് നടക്കാത്തത് അവര്‍ ചെയ്തു, കൂടെ നിന്ന് കൊടുത്താല്‍ മതി'; ബിഷപ്പിന്റെ വര്‍ഗീയ പ്രസംഗം ഏറ്റെടുത്ത് സംഘപരിവാരം

Update: 2021-09-12 07:20 GMT

കോഴിക്കോട്: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന ഏറ്റെടുത്ത് ആര്‍എസ്എസ്-ബിജെപി അനുകൂല പ്രൊഫൈലുകള്‍. ബിജെപി ഔദ്യോഗികമായി തന്നെ പാലാ ബിഷപ്പിന് പിന്തുണയുമായി എത്തിയപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന വര്‍ഗീയ പോസ്റ്റുകളും കമ്മന്റുകളുമായി സംഘപരിവാരവും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി.


'നമ്മളെ കൊണ്ട് കുറേകാലമായി നടക്കാത്തത് അവര്‍ ചെയ്തു, കൂടെ നിന്ന് കൊടുത്താല്‍ മതി' എന്നാണ് ഒരു സംഘിയുടെ കമ്മന്റ്. 'തല്‍ക്കാലം സൈഡില്‍ നിന്നാല്‍ മതി. കളി അവര്‍ കളിക്കട്ടെ' എന്ന് ദുര്യോധന്‍ എന്ന സംഘി അനുകൂലി കമ്മന്റ് ചെയ്തു. ആര്‍എസ്എസ്സും ബിജെപിയും ഏറെ കാലമായി ശ്രമിക്കുന്ന മുസ് ലിം-കൃസ്ത്യന്‍ ധ്രൂവീകരണത്തിന് അവസരം തുറന്ന് കിട്ടിയ സന്തോഷത്തിലാണ് ഭൂരിഭാഗം സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ സജീവമാക്കി നിര്‍ത്താന്‍ എല്ലാ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും കമ്മന്റിട്ടും കൃസ്ത്യന്‍ പേരിലുള്ള വ്യാജ ഐഡികള്‍ ഉണ്ടാക്കി മുസ് ലിം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടും സംഘികള്‍ ആഘോഷിക്കുന്നുണ്ട്.

അതേസമയം, വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രതികരിക്കുന്ന ക്രൈസ്തവ വിഭാഗവും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. 'പി സി ജോര്‍ജ്ജിനെ പോലെയുള്ള വിഷവിത്തുകള്‍ പാവം വിശ്വാസികളുടെ മനസ്സില്‍ വിദ്വേഷം സൃഷ്ടിക്കുകയാണ്'. ഒരാള്‍ അഭിപ്രായപ്പെട്ടു. 'കൃസ്ത്യന്‍, മുസ് ലിം സംഘര്‍ഷം ഉണ്ടായാല്‍ സംഘികള്‍ക്ക് അവരുടെ പണി കുറഞ്ഞ് കിട്ടി. ഇത് മനസ്സിലാക്കാന്‍ വൈകും തോറും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും' ഇതായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

പാലാ ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനക്കെതിരേ രാഷ്ട്രീയ നേതാക്കളും യുവജന സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അപകടകരവും നിരുത്തരവാദപരവുമാണെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ പറഞ്ഞു. പ്രസ്താവന ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ പണ്ട് പയറ്റിയ ആശയത്തിന് സമാനമാണ്. നാസികളെ കൂട്ടക്കൊല ചെയ്യുന്നതിന് ഹിറ്റ്‌ലര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നതിന്റെ മാറ്റൊലിയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകളെ എന്തുവിലകൊടുത്തും തടയണമെന്നും സക്കറിയ ആവശ്യപ്പെട്ടു. ഏഷ്യവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാലാ ബിഷപ്പിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന് യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത്.

ഐസ്‌ക്രീം പാര്‍ലറുകളില്‍ ഡ്രഗ്‌സ് കൊടുത്ത് ക്രിസ്ത്യനികളെ പറ്റിച്ചുകൊണ്ടുപോവുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അഭിപ്രായസ്വാതന്ത്ര്യവും ജനാധിപത്യവുമുണ്ട് എന്നത് സത്യമാണ്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ജീര്‍ണിച്ച അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും വലിയൊരു സമൂഹത്തിനെതിരേ ഒരു മതത്തിന്റെ അധ്യക്ഷന്‍ ഇത്തരത്തില്‍ ആരോപണമുന്നയിക്കുമെന്നത് വിശ്വസിക്കാന്‍ പറ്റില്ല. സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുന്ന ഇത്തരത്തിലുള്ള പ്രസ്താവന യഥാര്‍ഥത്തില്‍ സെല്‍ഫ് ഗോളാണ്. അവനവന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ സെല്‍ഫ് ഗോളെന്ന് പറയും. അവര്‍ക്ക് വേറെ അര്‍ഥങ്ങളുണ്ടാവാം.

വാസ്തവത്തില്‍ ഏതൊരു മതത്തിലെയും പുരോഹിതന്‍മാരില്‍ നല്ല പങ്കും ഇത്തരത്തില്‍ സംസാരം നടത്തില്ല. അവരില്‍ നല്ല പങ്കും മാന്യമായി തൊഴിലെടുക്കുന്നവരാണ്. അവര്‍ ഔചിത്യമില്ലാത്ത പ്രസ്താവന നടത്തില്ല. െ്രെകസ്തവരെ പോലെ തന്നെ കേരളത്തില്‍ വേരുറപ്പിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിനെതിരേയാണ് ശത്രുതയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയിരിക്കുന്നത്. ലൗ ജിഹാദ് ആര്‍എസ്എസ്സിന്റെ പ്രചാരണ തന്ത്രമായിരുന്നു. അത് മാധ്യമങ്ങളും ചില ബിഷപ്പുമാരും ഏറ്റുപിടിച്ചു. ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പോള്‍ സക്കറിയ പറഞ്ഞു.

Tags:    

Similar News