കേരളത്തില്‍ ആര്‍എസ്എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്ക് വേണ്ടി കടിപിടി; ചാനല്‍ മുറികളിലെ രാഷ്ട്രീയത്തെക്കുറിച്ച് നികേഷ് കുമാര്‍

Update: 2022-06-16 13:00 GMT

കോഴിക്കോട്: കേരളത്തിലെ ചാനല്‍ മുറികളില്‍ അരങ്ങേറുന്ന രാഷ്ട്രീയത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകനും റിപോര്‍ട്ടര്‍ ചാനല്‍ മേധാവുമായ എം വി നികേഷ് കുമാര്‍. ആര്‍എസ്എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള കടിപിടിയാണ് കേരളത്തിലെ ചാനലുകളില്‍ നടക്കുന്നതെന്ന് നികേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 'കംപ്ലീറ്റ് ആര്‍എസ്എസ്' എന്നുറപ്പിക്കാന്‍ കഴിയുന്ന എഡിറ്റര്‍മാരുടെ ക്ഷാമമുണ്ട്.

അര്‍ണബ് ഇല്ലെങ്കില്‍ തോഴിയെന്ന നിലയുള്ളവര്‍ക്കുവേണ്ടി പ്രധാന ചാനലുകള്‍ വാശിയേറിയ പോരാട്ടമാണ്. അവരെത്തുന്ന ന്യൂസ് റൂമുകള്‍ രാജ്യസ്‌നേഹ ക്ലാസുകള്‍കൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരില്‍ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവര്‍ക്ക് ലിബറേഷന്റെ ഭൂമികയാവുന്നു.

കേരളത്തിലെ മറ്റെല്ലാ മേഖലകളെയും മിഡില്‍ ഈസ്റ്റില്‍നിന്നുള്ള വ്യവസായികളാണ് ഏറ്റെടുക്കുന്നതെങ്കില്‍ വാര്‍ത്താനിര്‍മാണ കമ്പനികള്‍ പിടിച്ചത് തെക്കുനിന്നും വടക്കുനിന്നും വന്ന ആര്‍എസ്എസ് സ്വഭാവക്കാരാണ്. ഒട്ടും ലാഭകരമല്ലാത്ത വാര്‍ത്താ ചാനലുകള്‍ വന്‍കിട കോര്‍പറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്മ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണല്ലോ- നികേഷ് കുമാര്‍- ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു മാസികയിലെഴുതിയ ലേഖനത്തില്‍ നികേഷ് കുമാര്‍ വ്യക്തമാക്കി.

ലേഖനത്തിന്റെ പൂര്‍ണരൂപം:

ചാനല്‍മുറികളിലെ രാഷ്ട്രീയം

വര്‍ഗീയ കോമരമായ അഭിഭാഷകന്‍ ഒരു 'തള്ളു'കാരനില്‍ സ്വര്‍ണക്കടത്തുകാരിയെ ഉപയോഗിച്ചുനടത്തിയ 'സ്റ്റിങ് ഓപറേഷന്‍' കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാന്‍ ചൂണ്ടയില്‍ കൊരുക്കാന്‍ കരുതിവച്ച ഇര ഞാനായിരുന്നു. പക്ഷേ, ഒത്തില്ല.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ ഏഷ്യാനെറ്റിന്റെ ഉത്ഭവത്തോടെയാണ് കേരളത്തില്‍ ദൃശ്യമാധ്യമ ചരിത്രം ശരിയായ അര്‍ഥത്തില്‍ തുടങ്ങുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഡോ. എം കെ മുനീറിന്റെ ഇന്ത്യാ വിഷനിലൂടെ വാര്‍ത്താ ചാനല്‍ സംസ്‌കാരവുമെത്തി. അന്നുമുതല്‍ ഇന്നുവരെ പറഞ്ഞുപതിഞ്ഞ ഒന്നുണ്ട്. കേരളത്തിലെ ടെലിവിഷല്‍ ന്യൂസ് റൂമുകള്‍ പഴയ എസ്എഫ്‌ഐക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നുവച്ചാല്‍ ഇടതുപക്ഷാനുഭാവം ഉള്ളവരാണ് ടെലിവിഷന്‍ നിയന്ത്രിക്കുന്നതെന്ന്.

പച്ചക്കള്ളമാണ് അത്. ഇന്നത്തെ വാര്‍ത്താമുറികളില്‍, പൊളിറ്റിക്കല്‍ റിപോര്‍ട്ടിങ്ങിന് ചുമതലപ്പെട്ടവരില്‍ ഇടതുപക്ഷാനുഭാവമുള്ളവരെ കണ്ടെത്തണമെങ്കില്‍ മഷിയിട്ട് നോക്കണം. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ വളരെ വേഗത്തില്‍ അവരെ 'ചുമതലപ്പെട്ടവര്‍' എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ന്യൂസ് ചാനലുകള്‍ ഇങ്ങനെ മാറിയത്? മാനേജ്‌മെന്റുകള്‍ മാറിയതുതന്നെ മൂലകാരണം. വാര്‍ത്താ ചാനലുകളുടെ ഘടനയുടെ എഡിറ്റോറിയല്‍ നിയന്ത്രിക്കുന്ന തട്ടുകളെ മൂന്നായി തിരിക്കാം.

ഒന്ന്: മാനേജ്‌മെന്റ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ രാജ്യമാകമാനം ന്യൂസ് ചാനലുകളെ കോര്‍പറേറ്റുകള്‍ വാങ്ങിയിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കേരളത്തിലും അത് സംഭവിച്ചു. കേരളത്തിലെ മറ്റെല്ലാ മേഖലകളെയും മിഡില്‍ ഈസ്റ്റില്‍നിന്നുള്ള വ്യവസായികളാണ് ഏറ്റെടുക്കുന്നതെങ്കില്‍ വാര്‍ത്താനിര്‍മാണ കമ്പനികള്‍ പിടിച്ചത് തെക്കുനിന്നും വടക്കുനിന്നും വന്ന ആര്‍എസ്എസ് സ്വഭാവക്കാരാണ്. ഒട്ടും ലാഭകരമല്ലാത്ത വാര്‍ത്താ ചാനലുകള്‍ വന്‍കിട കോര്‍പറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണല്ലോ.

രണ്ട്: എഡിറ്റോറിയല്‍ തലവന്‍. ആര്‍എസ്എസ് അനുഭാവമുള്ള എഡിറ്റര്‍മാര്‍ക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തില്‍. 'കംപ്ലീറ്റ് ആര്‍എസ്എസ്' എന്നുറപ്പിക്കാന്‍ കഴിയുന്ന എഡിറ്റര്‍മാരുടെ ക്ഷാമമുണ്ട്. അര്‍ണബ് ഇല്ലെങ്കില്‍ തോഴിയെന്ന നിലയുള്ളവര്‍ക്കുവേണ്ടി പ്രധാന ചാനലുകള്‍ വാശിയേറിയ പോരാട്ടമാണ്. അവര്‍ എത്തുന്ന ന്യൂസ് റൂമുകള്‍ രാജ്യസ്‌നേഹ ക്ലാസുകള്‍കൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരില്‍ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവര്‍ക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാര്‍ തുടങ്ങിയ വാര്‍ത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!

മൂന്ന്: അവതാരക സിംഹങ്ങള്‍/പ്രധാന ബ്യൂറോകളിലെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍. ഈ നാടകത്തിലെ ഗ്ലാമര്‍ വേഷങ്ങളാണ് ഇവ. മാനേജ്‌മെന്റിന്റെയും എഡിറ്ററുടെയും 'ആശയം' ഇവരിലേക്ക് കണക്ട് ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിട്ടാണ് തുടക്കത്തില്‍ കരുതിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 'കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയാന്‍' മലയാളത്തിന്റെ അഭിമാനതാരങ്ങള്‍ തയ്യാറായി. ആര്‍എസ്എസ് എന്ന വണ്ടി കൂകിപ്പാഞ്ഞുവരുമ്പോള്‍ പാളം ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞു. സിപിഎമ്മും പിണറായി വിജയനുമാണ് കേരളത്തിന്റെ പരമശത്രു. 'അവരെ കല്ലെറിയുക' എന്ന നറേറ്റീവിന് സ്മൂത്ത് റണ്‍ കിട്ടുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും വിടേണ്ടതില്ല. ഭരണാധികാരികളെ മുഖംനോക്കാതെ വിമര്‍ശിക്കണം. പക്ഷേ, സ്വര്‍ണക്കടത്തില്‍ എന്തുണ്ടായിട്ടാണ്? ഇരട്ട ജനവിധി നേടിയ മുഖ്യമന്ത്രിയെ വായുവില്‍ നിന്നെടുത്ത ആയുധങ്ങള്‍ മതിയോ ആക്രമിക്കാന്‍? ഏതു വിഷയത്തിലും ചില വീഴ്ചകള്‍ വീണുകിട്ടുമെന്നതാണ് പിടിവള്ളി. ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കു പറ്റിയ ഘടകങ്ങള്‍ ഈ വിഷയത്തിലും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്.

ചില പോലിസുകാര്‍ കറുത്ത മാസ്‌ക് നീക്കിയതും ഒരു എഡിജിപിയുടെ ടെലിഫോണ്‍ വിളിയുമൊക്കെ. ആ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ടാണ് വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന ഒരു അഭിഭാഷകന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയെ ഉപയോഗിച്ച് സ്വപ്‌ന സുരേഷ് എന്ന സ്വര്‍ണക്കടത്തുകാരിയെ കരുവാക്കി പുതിയ അജണ്ട സൃഷ്ടിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടെ കേസില്‍ വിചാരണത്തടവിന്റെ ഒരുഘട്ടം പൂര്‍ത്തിയാക്കിയ ഒരാള്‍ എങ്ങനെയാണ് തനിക്ക് കേന്ദ്ര സേനയുടെ സംരക്ഷണം മതിയെന്ന് കോടതിയില്‍ എഴുതിക്കൊടുക്കുന്നത്? കേരള പൊലീസ് അവര്‍ക്ക് വേണ്ടാതായത് എങ്ങനെ?

എന്റെ തലമുറയിലെ മാധ്യമപ്രവര്‍ത്തകരാണ് കേരളത്തിലെ ടെലിവിഷന്‍ ന്യൂസ് നിയന്ത്രിക്കുന്നത്. എല്ലാവര്‍ക്കും അറിയാം വിവാദനായകനായ ഈ ഷാജ് കിരണിനെ. ഞാന്‍ ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കെ ട്രെയിനിയായി മാധ്യമരംഗത്ത് വന്ന ആളാണ്. പിന്നീട് ഏഷ്യാനെറ്റിലും മറ്റുമൊക്കെ പ്രവര്‍ത്തിച്ചു. എന്റെ സഹപ്രവര്‍ത്തകരെ മോശമാക്കി പറയാന്‍ ഇഷ്ടപ്പെടുന്നയാളല്ല ഞാന്‍. ഷാജ് ക്ഷമിക്കുക.

ഇല്ലാത്ത സ്വാധീനമുണ്ടെന്ന് പറഞ്ഞുനടക്കലാണ് അയാളുടെ പണി. കോടികളുടെ കണക്കേ പറയൂ. ഉന്നത പൊലീസ് ബന്ധമേ 'തള്ളൂ'. 'ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല' എന്നുപറയുന്ന ഷാജ് 'പിണറായിയുടെയും കോടിയേരിയുടെയും' വിദേശ ഫണ്ട് 'കൈകാര്യം ചെയ്തില്ലെങ്കിലേ' അത്ഭുതമുള്ളൂ. ഷാജ് കിരണിനെപ്പറ്റി ഞാനീ പറയുന്ന നിരീക്ഷണം ശരിയല്ല എങ്കില്‍ അയാളെ അറിയുന്ന സഹപ്രവര്‍ത്തകര്‍ മുന്നോട്ടുവരൂ. എന്നെ തിരുത്തൂ.

പോലിസ് ഉദ്യോഗസ്ഥരോടും ചിലത് പറയാനുണ്ട്. സ്‌കിന്‍ ഡിസീസിന് മരുന്നുമായി ചിലര്‍ വരും. നിങ്ങളുടെ ചൊറിച്ചില്‍ ഈ നാടിന്റെ മതനിരപേക്ഷ ഭൂമികയെ ഒറ്റുകൊടുക്കാനുള്ള വിലയാകരുത്. മരുന്നുമായി വരുന്നവരോട് തൊലിയുടെ രോഗം സംസാരിച്ചാല്‍ മതി. ഇപ്പോള്‍ പദവിയില്‍നിന്ന് നീക്കംചെയ്യപ്പെട്ട എഡിജിപിക്ക് ഷാജ് കിരണ്‍ എവിടെനിന്നോ മരുന്ന് എത്തിച്ചിട്ടുണ്ട് എന്ന അറിവിന്റെ പുറത്താണ് ഈ ഉപദേശം. ടെലിവിഷന്‍ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം പടര്‍ന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കും എന്ന ആശങ്ക എനിക്കുണ്ട്.

കോര്‍പറേറ്റ് ചാനലുകള്‍ അതിനായി പ്ലാറ്റ്‌ഫോം ഒരുക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ടാണ് ടെലിവിഷനില്‍ കോര്‍പറേറ്റുകള്‍ക്കു മാത്രം ആധിപത്യം സ്ഥാപിക്കാനാകുന്നത് എന്നത് ഈ ഘട്ടത്തില്‍ പരിശോധിക്കേണ്ട വിഷയമാണ്. ഒന്നാമത്തെ കാരണം ഞങ്ങളെപ്പോലുള്ളവരുടെ കഴിവുകേടും വീഴ്ചകളുമാണ്. ടെലിവിഷന്‍ ചെലവേറിയ സംരംഭങ്ങളാണ് എന്നതാണ് രണ്ടാമത്തെ പ്രധാന കാരണം. ആനയെ വാങ്ങിയാല്‍ വിലയായ പന്തീരായിരം പോരല്ലോ.

ചാനലുകള്‍ ഒരു സെക്കന്‍ഡ് മുന്നോട്ടുപോകണമെങ്കില്‍ അന്ധാളിപ്പ് തോന്നുന്ന മൂലധനം വേണം. തുടര്‍ച്ചയായി ചലിക്കാന്‍ പണത്തിന്റെ ഫ്രീ ഫ്‌ലോ ഉണ്ടാകണം. ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ അവതാരകരെ, പ്രധാന ബീറ്റുകളിലെ റിപ്പോര്‍ട്ടര്‍മാരെ കോര്‍പറേറ്റുകള്‍ തട്ടിക്കൊണ്ടുപോകും. ബ്യൂറോകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകും. അങ്ങനെ വാര്‍ത്തയുടെ സീംലെസ് സംപ്രേഷണം നിലയ്ക്കും. ആരും കാണാത്ത ചാനലാകും. എത്ര ചടുലമായ എഡിറ്റോറിയല്‍ ശക്തിയുണ്ടെങ്കിലും ജീവിച്ചുപോകാന്‍ കോര്‍പറേറ്റ് മാധ്യമംതന്നെ വേണമെന്ന് ഇന്ത്യാവിഷന്റെ തകര്‍ച്ചയോടെ കേരളത്തിലെ ജേര്‍ണലിസ്റ്റുകള്‍ മനസ്സിലാക്കി.

സ്വതന്ത്ര ടെലിവിഷന്‍ ചാനലുകളെ ഒറ്റഞെക്കിന് കൊല്ലാന്‍ ഇവിടെയുള്ള വന്‍കിട കേബിള്‍ നെറ്റ്‌വര്‍ക്കുകളുമുണ്ട്. ഒരു ന്യൂസ് ചാനല്‍ അവരുടെ നെറ്റ്‌വര്‍ക്കില്‍ കാണിക്കാനുള്ള ശരാശരി തുക ഒരുവര്‍ഷം മൂന്നുകോടിയാണ്. സര്‍ക്കാരിന്റെ വൈദ്യുത പോസ്റ്റിലൂടെ പോവുന്ന സംവിധാനത്തിനാണ് ഇത്ര വലിയ തുക! കേരളാവിഷന്‍ പോലുള്ള സഹകരണ പ്രസ്ഥാനങ്ങളാണ് കൂട്ടത്തിലെ ആശ്വാസം. സര്‍ക്കാര്‍ പരസ്യങ്ങള്‍ കിട്ടുന്നത് മൂന്നിലൊന്ന് മാത്രമാണ്. വ്യവസായമായി കണക്കാക്കി വൈദ്യുതി ചാര്‍ജില്‍ ഇളവുതന്നില്ല. നികുതി ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു. പ്രശ്‌നങ്ങള്‍ ഏറെയാണ്.

പുതിയ തലമുറയില്‍പ്പെട്ട ജേര്‍ണലിസ്റ്റുകള്‍ ആകര്‍ഷിക്കപ്പെടുന്നത് ടിവിയിലേക്കും ഓണ്‍ലൈന്‍ മീഡിയയിലേക്കുമാണ്. 'ഒന്നൊതുങ്ങി നടന്നോണം'എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പുതിയ കുട്ടികളുടെ വരവ്. രാഷ്ട്രീയം കാവിയാകണമെന്ന് ഇന്റര്‍വ്യൂ ഘട്ടത്തില്‍ത്തന്നെ പറഞ്ഞുകൊടുക്കും. അതല്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളുണ്ട്. അവ നശിപ്പിക്കപ്പെടുകയാണ് അനുഭവം. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ എന്നെപ്പറ്റി പറഞ്ഞത് 'ഒത്തുതീര്‍പ്പുകാരനും ബ്ലാക്ക് മെയിലിങ്ങുകാരനും' എന്നാണ്. വാര്‍ത്താസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ റിപോര്‍ട്ടര്‍ ആര്‍ റോഷിപാലിനോട് പറഞ്ഞു. 'അയാള്‍ എന്റെ മൂന്നുവര്‍ഷം കളഞ്ഞു. വിടില്ല എന്ന് പറഞ്ഞേക്കൂ' എന്ന്.

മാര്‍ക്‌സിസ്റ്റ് വിരോധം കാണിക്കാത്തവരുടെ ജീവന്‍പോലും ഭീഷണിയിലാണ്. ഒന്നുകില്‍ കൃഷ്ണരാജുമാരുടെ കെണിയില്‍ വീണ് നാറി പുഴുത്തുചാവും. അല്ലെങ്കില്‍ ഗൗരി ലങ്കേഷിനെപ്പോലെ പകല്‍ വെളിച്ചത്തില്‍ തോക്കിനുമുന്നില്‍ പിടഞ്ഞുവീഴും. അപ്പോള്‍ പറയും, ഞങ്ങളല്ല കൊലപാതകികള്‍ 'ഫ്രിഞ്ച്' ആണെന്ന്. ഞാന്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനത്തെയും എന്നെയും വിടുക. അത് നിലനില്‍ക്കുകയോ നശിക്കുകയോ ചെയ്യട്ടെ. പക്ഷേ, സ്വതന്ത്രമാധ്യമങ്ങള്‍ നമുക്ക് വേണ്ടേ? അവയ്ക്ക് നിലനില്‍പ്പ് പ്രതിസന്ധിയുണ്ട്. അത് അഭിമുഖീകരിക്കാതെ മുന്നോട്ടുപോയാല്‍ സര്‍വതും നശിക്കും. ജനാധിപത്യ പ്ലാറ്റ്‌ഫോമില്‍ നിലനില്‍ക്കാന്‍ താങ്ങുവേണം. സര്‍ക്കാരിന്റെ, ജനങ്ങളുടെ..

Full View


Tags:    

Similar News