രേഖകളില്ലാതെ ബൈക്കോടിച്ച പ്രചാരകിനെ പോലിസ് പൊക്കി; 'ജയ് ശ്രീറാം' വിളികളുമായി സ്റ്റേഷന്‍ ഉപരോധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍

Update: 2022-04-19 14:56 GMT

ന്യൂഡല്‍ഹി: രേഖകളില്ലാതെ ബൈക്കോടിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് പ്രചാരകിനെ പോലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹിയിലാണ് സംഭവം. പ്രചാരകിന്റെ മോചനം ആവശ്യപ്പെട്ട് 'ജയ് ശ്രീറാം' വിളികളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ ഘെരാവോ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ സാഹില്‍ മുരളി മെന്‍ഘാനിയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് ഇയാളെ ബൈക്കിനൊപ്പം പോലിസ് വിട്ടയച്ചതായാണ് റിപോര്‍ട്ടുകള്‍.

'ആര്‍എസ്എസ്സുകാരെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടമാളുകള്‍ ഡല്‍ഹിയിലെ ഒരു പോലിസ് സ്‌റ്റേഷന്‍ ഘെരാവോ ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകനോട് പോലിസ് മോശമായി പെരുമാറിയെന്ന് അവര്‍ ആരോപിക്കുന്നു. രേഖകളില്ലാതെ ബൈക്ക് ഓടിക്കുകയായിരുന്നു അയാളെന്നാണ് പോലിസ് എന്നോട് പറഞ്ഞത്. അയാളും പോലിസും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. 'ജയ് ശ്രീറാം' വിളികളുയര്‍ന്നു.'- സാഹില്‍ മുരളി ട്വിറ്ററില്‍ കുറിച്ചു.

പരിശോധനയില്‍ പിടിയിലായ ആള്‍ ആര്‍എസ്എസ് പ്രചാരകാണെന്ന് വ്യക്തമായതായും രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇയാളെ ബൈക്കിനൊപ്പം വിട്ടയച്ചതായും പോലിസിനെ ഉദ്ധരിച്ച് സാഹില്‍ വിശദീകരിച്ചു. 'പരിശോധനയില്‍ അയാള്‍ ആര്‍എസ്എസ് പ്രചാരക് ആണെന്ന് കണ്ടെത്തി. ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുകയും യഥാര്‍ഥമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ഇയാളെ വാഹനത്തോടൊപ്പം വിട്ടയച്ചു. പ്രശ്‌നം രമ്യമായി പരിഹരിച്ചു. ഇയാളോട് പോലിസുകാര്‍ മോശമായി പെരുമാറിയെന്ന പരാതി എസിപി അന്വേഷിക്കുന്നുണ്ട്'- പോലിസ് അയച്ച സന്ദേശമിതാണെന്ന് സാഹില്‍ മുരളി പറയുന്നു.

Tags:    

Similar News