ഗാന്ധിവധത്തില്‍ ആര്‍ എസ് എസിന് പങ്ക്; കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്ക് വക്കീല്‍ നോട്ടീസ്

ആര്‍.എസ്.എസിലെ ചിലരെന്നാണ് രാഹുല്‍ പറഞ്ഞതെന്നും രാഹുലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ തിരുത്തിയിരുന്നു.

Update: 2023-06-12 07:50 GMT

പത്തനാപുരം: ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന പരാമര്‍ശം നടത്തിയ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്ക് വക്കീല്‍ നോട്ടീസ് അയച്ച് പത്തനാപുരത്തെ ബി.ജെ.പി പ്രാദേശിക നേതാക്കള്‍. ബി.ജെ.പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആര്‍. അരുണ്‍, അഡ്വ. കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.ഗാന്ധിജിയെ നിഷ്‌കരുണം വധിച്ചത് ആര്‍.എസ്.എസ് ആണെന്ന്, കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഗണേഷ് കുമാര്‍ പ്രസംഗിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.

എതിര്‍ രാഷ്ട്രീയ സംഘടനകളിലെ പ്രമുഖ നേതാക്കള്‍ ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിനെ കൂട്ടിക്കെട്ടുന്നുണ്ടോയെന്ന കാര്യം ഗൗരവമായി നിരീക്ഷിക്കാന്‍ പ്രദേശിക നേതാക്കള്‍ക്ക് ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് രാഹുല്‍ ഗാന്ധി 2014ല്‍ ഒരു പൊതുയോഗത്തില്‍ പറഞ്ഞതിനെതിരെ സംഘ്പരിവാര്‍ നേതാക്കള്‍ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു. ഗാന്ധിവധം നടത്തിയത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞിട്ടില്ലെന്നും ആര്‍.എസ്.എസിലെ ചിലരെന്നാണ് രാഹുല്‍ പറഞ്ഞതെന്നും രാഹുലിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ തിരുത്തിയിരുന്നു. രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹരജി മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി കോടതി നലവില്‍ പരിഗണിച്ച് വരികയാണ്.





Tags:    

Similar News