ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ ഗതാഗത മന്ത്രിയുടെ വിവാദ പരാമര്‍ശം പിന്‍വലിക്കണം-എസ് ഡിപിഐ

Update: 2024-05-02 13:20 GMT

മലപ്പുറം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ തൊഴിലാളി സംഘടനകള്‍ നടത്തുന്ന സമരത്തിനെതിരേ നടത്തിയ പ്രതികരണത്തില്‍ മലപ്പുറത്തെ അവഹേളിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എസ് ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ സൈതലവി ഹാജി പറഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കുന്നത് മലപ്പുറം മാഫിയയാണ് എന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. ഇത് മലപ്പുറത്തെ ജനതയെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. മലപ്പുറത്ത് എന്തെങ്കിലും പ്രതിഷേധം നടക്കുമ്പോള്‍ മുമ്പും ഇത്തരം പ്രതികരണങ്ങള്‍ ഇടതു നേതാക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം അശാസ്ത്രീയവും അപ്രായോഗികവുമാണ് എന്നാണ് പ്രതിഷേധക്കാരുടെ വാദം. വേണ്ടത്ര ക്രമീകരണങ്ങള്‍ വരുത്താതെയുള്ള പരിഷ്‌കരണം അംഗീകരിക്കുകയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ അതിനെ ആ നിലയ്ക്ക് നേരിടുന്നതിന് പകരം മലപ്പുറത്തെ ജനങ്ങളെ അവഹേളിച്ച് കൈകഴുകാനാണ് മന്ത്രി ശ്രമിച്ചത്. കാലാനുസൃതമായ, ഗുണകരമായ പരിഷ്‌കരണത്തിന് ആരം എതിരല്ല. ഉദ്യോഗസ്ഥരുടെ കുറവുകളുണ്ടെങ്കില്‍ അത് നികത്തുന്നതിന് പകരം ഡ്രൈവിങ് ലൈസന്‍സ് വിതരണം ചെയ്യുന്നതിലെ എണ്ണം കുറക്കുകയാണ് മന്ത്രി ചെയ്യുന്നത്. മന്ത്രിയുടെ അനാവശ്യ പിടിവാശി മാറ്റിവച്ച് സമരം ചെയ്യുന്ന സംഘടനകളുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News