ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഭാര്യയും മകനും കൊല്ലപ്പെട്ട നിലയില്‍

പ്രൈമറി സ്‌കൂള്‍ അധ്യാപകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബന്ധു പ്രകാശ് പാല്‍(35), ഭാര്യ ബ്യൂട്ടി മൊണ്ഡാല്‍ പാല്‍(30), മകന്‍ ആന്‍ഗന്‍ ബന്ധു പാല്‍(ആറ്) എന്നിവരെയാണ് കൊല്‍ക്കത്തയില്‍നിന്നു 210 കിലോമീറ്റര്‍ അകലെ ജിയാഗഞ്ച് ഏരിയയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Update: 2019-10-10 09:24 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും ആറു വയസ്സുകാരനായ മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രൈമറി സ്‌കൂള്‍ അധ്യാപകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ബന്ധു പ്രകാശ് പാല്‍(35), ഭാര്യ ബ്യൂട്ടി മൊണ്ഡാല്‍ പാല്‍(30), മകന്‍ ആന്‍ഗന്‍ ബന്ധു പാല്‍(ആറ്) എന്നിവരെയാണ് കൊല്‍ക്കത്തയില്‍നിന്നു 210 കിലോമീറ്റര്‍ അകലെ ജിയാഗഞ്ച് ഏരിയയിലെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടി മൊണ്ഡാല്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. വിജയദശമി നാളിലെ പൂജയ്ക്കു കുടുംബാംഗങ്ങളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ടതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പ്രദേശവാസികള്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചുനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനാണ് ബന്ധു പാല്‍ മുര്‍ഷിദാബാദിലേക്കു താമസം മാറിയതെന്നും ആരെങ്കിലുമായി എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നും അനന്തരവന്‍ സുജോയ് ഘോഷ് പറഞ്ഞു.

   


കൊലപാതത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്, കൊല്ലപ്പെട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനും കുടുംബവുമാണെന്നുമുള്ള പ്രസ്താവനയുമായി നേതാക്കളെത്തിയത്. ബന്ധു പ്രകാശ് പാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നും കഴിഞ്ഞ ആഴ്ചത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ആര്‍എസ്എസ് പശ്ചിമബംഗാള്‍ സെക്രട്ടറി ജിഷ്ണു ബസു എഎന്‍ഐയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പോലിസ് പറഞ്ഞു.

    അതേസമയം, കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ആയുധമാക്കാനുമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കം. സംഭവത്തെ കുറിച്ച് സംസ്‌കാരിക പ്രവര്‍ത്തകര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സാംപിത് പത്ര രംഗത്തെത്തി. അതിക്രൂരമായ കൊലപാതകം നടന്നിട്ടും മതേതരവാദികള്‍ ഒരു വാക്ക് പോലും പറയുന്നില്ലെന്നും 59 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മമതയ്ക്ക് ഒരു കത്തെഴുതുന്നില്ലെന്നും സെലക്റ്റീവ് അപലനമാണിതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇടപെടണമെന്ന് ബിജെപി എംഎല്‍എ രാജാ സിങ് ആവശ്യപ്പെട്ടു. സംഭവത്തെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രാകേഷ് ശര്‍മ അപലപിക്കുകയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പോലിസ് മേധാവിയും അക്രമം നിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.





Tags:    

Similar News