ഒമിക്രോണ്‍ പരിശോധനക്ക് ആര്‍ടിപിസിആര്‍ കിറ്റ്; നാല് മണിക്കൂറിനകം ഫലമറിയാം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ പുതിയ ആര്‍ടിപിസിആര്‍ കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍. പുതിയ കിറ്റിലൂടെ ഒമിക്രോണ്‍ പരിശോധനയുടെ ഫലം നാല് മണിക്കൂറിനുളളില്‍ ലഭ്യമാകുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. അതിനിടെ, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗികളുടെ നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മറ്റ് രോഗങ്ങളുളള കൊവിഡ് രോഗികള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രമെ വീട്ടില്‍ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നേരത്തെ സ്വീകരിച്ചത് ഏത് വാക്‌സിനാണോ അതേ വാക്‌സിന്‍ തന്നെ ജനങ്ങള്‍ക്ക് കരുതല്‍ ഡോസായി നല്‍കുമെന്നും ഐസിഎംആര്‍ പ്രിതിനിധികള്‍ പറഞ്ഞു.
അതിനിടെ, രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്ന് കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശക സമിതി സ്ഥിരീകരണം നടത്തി. രാജ്യത്തെ മെട്രോ നഗരങ്ങളെയാണ് മൂന്നാം തരംഗം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും സമിതി പറഞ്ഞു. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിയാന്‍ സാധ്യയുണ്ടെന്നും കൊവിഡ് വാക്‌സീന്‍ സാങ്കേതിക ഉപദേശകസമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ ചൂണ്ടിക്കാണിച്ചു.