രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ സര്‍ക്കാര്‍ ജോലിയില്‍നിന്ന് അയോഗ്യരാക്കുന്ന നിയമം ഭരണഘടനാ ലംഘനമല്ലെന്ന് സുപ്രിംകോടതി

Update: 2024-02-29 12:18 GMT

ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ മക്കളുള്ള സര്‍ക്കാര്‍ ജീവനക്കാരെ അയോഗ്യരാക്കുന്ന നിയമം ഭരണഘടനാ ലംഘനമല്ലെന്ന് സുപ്രിംകോടതി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളതിന്റെ പേരില്‍ പോലിസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. 1989ലെ രാജസ്ഥാന്‍ പോലിസ് സബോഡിനേറ്റ് സര്‍വീസ് റൂള്‍സിലെ റൂള്‍ 24(4) പ്രകാരം '01.06.2002നോ അതിനുശേഷമോ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരു ഉദ്യോഗാര്‍ഥിയും സര്‍വ്വീസിലേക്ക് നിയമനത്തിന് യോഗ്യനല്ല' എന്നുണ്ടെന്നും ഇത് ഭരണഘടനാ ലംഘനമോ വിവേചനപരമോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്ന രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഉദ്യോഗാര്‍ഥികളെ അയോഗ്യരാക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി വിലയിരുത്തി. ഇത്തരം വ്യവസ്ഥയ്ക്ക് പിന്നിലെ ലക്ഷ്യം കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നുവെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് അപേക്ഷിച്ച വിമുക്തഭടന്റെ(പ്രതിരോധ സേവനത്തില്‍ നിന്ന് വിരമിച്ച) ഹരജി തള്ളിയ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു. 1989ലെ രാജസ്ഥാന്‍ പോലിസ് സബോഡിനേറ്റ് സര്‍വീസ് റൂള്‍സിലെ റൂള്‍ 24 (4) പ്രകാരം 01.06.2002ന് ശേഷം അദ്ദേഹത്തിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളതിനാല്‍ അദ്ദേഹം അയോഗ്യനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News