കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നീളം കുറയ്ക്കില്ല; നടപടി റദ്ദാക്കി എയര്‍പോര്‍ട്ട് അതോറിറ്റി

Update: 2022-02-16 02:44 GMT

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നീളംകുറയ്ക്കാനുള്ള നടപടി എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കി. റിസ നിര്‍മാണവും റണ്‍വേ നീളംകുറയ്ക്കുന്നതും നവീകരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് വേണ്ടെന്ന് വെച്ചത്. കഴിഞ്ഞ മാസമാണ് റണ്‍വേ നീളംകുറച്ച് റിസ (റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ) നിര്‍മിക്കാനുള്ള പദ്ധതിക്ക് എയര്‍പ്പോര്‍ട്ട് അതോറിറ്റി അനുവാദം നല്‍കിയത്.

റണ്‍വേ റീ കാര്‍പ്പറ്റിങ് (ടാറിങ്), റണ്‍വേക്ക് നടുവില്‍ വിളക്കുകള്‍ സ്ഥാപിക്കുക, റണ്‍വേ 300 മീറ്റര്‍ നീളംകുറച്ച് റിസ 240 മീറ്ററായി വര്‍ധിപ്പിക്കുക, ഐഎല്‍എസ് സംവിധാനവും റണ്‍വേ അപ്രോച്ച് ലൈറ്റുകളും മാറ്റി സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെട്ട പ്രോജക്ടിനാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയത്.

റണ്‍വേ നീളം കുറക്കാനുള്ള തീരുമാനത്തിനെതിരേ നിരവധി കേന്ദ്രങ്ങളില്‍നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 2700 മീറ്ററുള്ള കോഴിക്കോട്ടെ റണ്‍വേ 2,545 മീറ്ററായി കുറയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.

നിലവില്‍ റണ്‍വേയുടെ ഷൂട്ട് ഔട്ട് മേഖലയില്‍ (വിമാനം ഇറങ്ങുന്ന കിഴക്കുഭാഗത്തിന്റെ അവസാനം ) 240 മീറ്ററും മറുഭാഗത്ത് 90 മീറ്ററുമാണ് റിസ ഉള്ളത്. ഇത് ഇരുഭാഗങ്ങളിലും 240 മീറ്ററാക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചിരുന്നത്. ഇത് നടപ്പായാല്‍ കോഡ് ഇ ഇനത്തില്‍ വരുന്ന വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് ഇറങ്ങുക അസാധ്യമാവുമായിരുന്നു. റണ്‍വേ നീളംകുറയ്ക്കുന്നപക്ഷം നിലവിലുള്ള ഐ.എല്‍.എസ്. സംവിധാനവും മറ്റ് സാങ്കേതിക ഉപകരണങ്ങളും മാറ്റി സ്ഥാപിക്കേണ്ടി വരുമായിരുന്നു.

ഇതിനെ വിമാനത്താവളത്തെ തകര്‍ക്കാനായുള്ള നീക്കമായാണ് വിലയിരുത്തിയത്. കേരളത്തില്‍ നിന്നുള്ള എം.പി.മാരുടെ സംഘം കേന്ദ്ര സഹമന്ത്രി. വി. മുരളീധരന്റെ നേതൃത്വത്തില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. റണ്‍വേ നീളം കുറക്കില്ലെന്ന് മന്ത്രി സംഘത്തിന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.


Tags:    

Similar News