കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകളില്‍ കുത്തിവെയ്പ് നടത്തിയെന്ന് പുടിന്‍, വാക്‌സിന് രാജ്യ വ്യാപക അനുമതി
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ രാജ്യവ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ അറിയിച്ചു.
മോസ്‌കോ: ലോകത്ത് ആദ്യമായി കൊവിഡിനെതിരായ വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ രാജ്യവ്യാപകമായ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തതായും തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ കുത്തിവെയ്പ് എടുത്തതായും പുടിന്‍ അറിയിച്ചു.
കൊറോണ വൈറസിനെതിരേ രോഗപ്രതിരോധശേഷി പ്രകടമാക്കിയ വാക്‌സിന്‍ പരീക്ഷണഘട്ടത്തില്‍ തന്നെ കൊവിഡിനെതിരെ ഫലപ്രദമെന്ന് തെളിയിച്ചിരുന്നതായി പുടിന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരേ രോഗപ്രതിരോധ ശേഷി തീര്‍ക്കുന്നതില്‍ വാക്‌സിന്‍ മികച്ച പ്രതികരണമാണ് കാഴ്ചവെച്ചതെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് പുടിന്‍ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലുളള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്്‌സിന്‍ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തിയത്.
വാക്‌സിന്‍ കുത്തിവെച്ച മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, അപകടകരമായ പരിധിയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യമായി വാക്‌സിന്‍ നല്‍കുക.
ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂര്‍ത്തിയായ ശേഷമാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പൂടിന്‍ പറയുന്നത്. ജൂണ്‍ 18നാണ് റഷ്യ വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റിയര്‍മാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കുന്നതെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, ഫലപ്രദമായ വാക്‌സിനാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നു.
അഡിനോവൈറസ് ആസ്പദമാക്കി നിര്‍മിച്ച നിര്‍ജീവ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ തയ്യാറാക്കിയത്. രാജ്യത്ത് എല്ലാവര്‍ക്കും കുത്തിവെയ്പ് നടത്താനാണ് പദ്ധതി. ഈ മാസം തന്നെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് റഷ്യന്‍ സര്‍ക്കാര്‍. ഇതിനു പിന്നാലെ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും ആരംഭിക്കും. പിന്നീട് രാജ്യവ്യാപക വാക്‌സിനേഷന്‍ കാംപയിനിലൂടെ ജനങ്ങള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനാണ് പദ്ധതി.
വാക്‌സിന്‍ വഴി ശരീരത്തിലെ പ്രതിരോധശേഷി പെട്ടെന്ന് വര്‍ധിക്കുമ്പോള്‍ ചിലര്‍ക്ക് പനിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ അത് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഭേദപ്പെടുത്താവുന്നതാണെന്നും ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റസ്ബര്‍ഗ് പറഞ്ഞു.
അതേസമയം, വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്.
അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാതെ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്‌സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കി.