"ഇന്ത്യക്ക് തങ്ങളിൽ നിന്ന് എന്ത് വാങ്ങണമെങ്കിലും ചർച്ച ചെയ്യാൻ തയ്യാർ,": റഷ്യൻ വിദേശകാര്യ മന്ത്രി
ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിൽ സഹകരണം തുടരാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും ലാവ്‌റോവ് പറഞ്ഞു. പതിറ്റാണ്ടുകളായി ഞങ്ങൾ ഇന്ത്യയുമായി വികസിപ്പിച്ചെടുത്ത ബന്ധമാണ് ചർച്ചകളുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യ തങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ആ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിലക്കിഴിവുള്ള റഷ്യൻ എണ്ണയുടെ വലിയ അളവിൽ ഇന്ത്യക്ക് വാങ്ങാൻ കഴിയുമെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് ഉന്നതതല ചർച്ചകൾ നടക്കുന്നത്,. ഉഭയകക്ഷി വ്യാപാരത്തിന് റൂബിൾ-രൂപ ക്രമീകരണം നടത്താൻ ഇരുപക്ഷവും താൽപ്പര്യപ്പെടുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അത് ചർച്ച ചെയ്യാൻ തയ്യാറാണെന്നും ലാവ്‌റോവ് പറഞ്ഞു.
റഷ്യക്കെതിരായ അമേരിക്കൻ ഉപരോധം മറികടക്കാനുള്ള ശ്രമങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് വെള്ളിയാഴ്ച ലാവ്‌റോവ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസത്തെ ചൈന സന്ദർശനം അവസാനിപ്പിച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് റഷ്യൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിലെത്തിയത്.
"ഇന്ത്യൻ വിദേശ നയങ്ങൾ സ്വതന്ത്രവും യഥാർത്ഥ ദേശീയ നിയമാനുസൃത താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്" എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ലാവ്റോവ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. "റഷ്യൻ ഫെഡറേഷനിൽ അധിഷ്ഠിതമായ അതേ നയം, ഇത് ഞങ്ങളെ വലിയ രാജ്യങ്ങളും നല്ല സുഹൃത്തുക്കളും വിശ്വസ്ത പങ്കാളികളുമാക്കുന്നു," റഷ്യൻ മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിൽ സഹകരണം തുടരാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും ലാവ്‌റോവ് പറഞ്ഞു. പതിറ്റാണ്ടുകളായി ഞങ്ങൾ ഇന്ത്യയുമായി വികസിപ്പിച്ചെടുത്ത ബന്ധമാണ് ചർച്ചകളുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കും യുക്രെയ്‌നിനും ഇടയിൽ ഇന്ത്യ മധ്യസ്ഥരാകാനും പ്രശ്‌നം പരിഹരിക്കാനുമുള്ള സാധ്യതയും അദ്ദേഹം എടുത്തുപറഞ്ഞു.
"ഇന്ത്യ ഒരു സുപ്രധാന രാജ്യമാണ്. പ്രശ്‌നപരിഹാരം നൽകുന്ന ആ പങ്ക് വഹിക്കാൻ അത് ആഗ്രഹിക്കുന്നുവെങ്കിൽ… അത് അന്താരാഷ്ട്ര പ്രശ്‌നങ്ങളോടുള്ള നീതിയുക്തവും യുക്തിസഹവുമായ സമീപനത്തിന്റെ നിലപാടാണെങ്കിൽ, അതിന് അത്തരം പ്രക്രിയയെ പിന്തുണയ്ക്കാൻ കഴിയും," ലാവ്റോവ് പറഞ്ഞു.
ഡോളറിൽ നിന്ന് ദേശീയ കറൻസിയിലേക്ക് മാറാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ശക്തമാക്കുമെന്നും ലാവ്‌റോവ് പറഞ്ഞു. ഉഭയകക്ഷി വ്യാപാരത്തിനായി റൂബിൾ-രൂപ സംവിധാനം രൂപപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, 'തടസ്സങ്ങൾ മറികടക്കാനുള്ള വഴികൾ രാജ്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന്' വിദേശകാര്യ മന്ത്രി പറഞ്ഞു.
"ദേശീയ കറൻസികൾ ഉപയോഗിച്ച് കൂടുതൽ കൂടുതൽ ഇടപാടുകൾ നടത്തുകയും ഡോളർ അടിസ്ഥാനമാക്കിയുള്ള സംവിധാനം ഒഴിവാക്കുകയും ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.