ഉര്‍ദുഗാന്‍റെ മധ്യസ്ഥതയിലുള്ള ചര്‍ച്ച വഴിത്തിരിവിലേക്ക്; യുദ്ധം ലഘൂകരിക്കുമെന്ന് റഷ്യ
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമായാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ കാണുന്നത്.
ഇസ്താംബുള്‍: യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചിട്ട് 34 ദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവ്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രതീക്ഷകള്‍ നല്‍കുന്ന പ്രതികരണങ്ങളാണ് ഇരുരാജ്യങ്ങളും നടത്തിയിട്ടുള്ളത്. യുക്രെയ്ന്‍ തലസ്ഥാനമായ കീവിനും വടക്കന്‍ നഗരമായ ചെര്‍ണീവിനും സമീപത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനം.
യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമായാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ട പുരോഗതി അടയാളപ്പെടുത്തിയ ചര്‍ച്ചയായിരുന്നു ഇതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസ്ലോഗു പറഞ്ഞു. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യത ഉയര്‍ത്തുന്നതായിരുന്നു ചര്‍ച്ചയെന്ന് യുക്രെയ്ന്‍ പ്രതിനിധി പറഞ്ഞു.
ചര്‍ച്ച പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ മുമ്പേ അവസാനിപ്പിച്ച് യുക്രെയ്ന്‍ പ്രതിനിധികള്‍ പുറത്തിറങ്ങിയത് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നാലെയുള്ള അവരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായിരുന്നു. തൊട്ടുപിന്നാലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുമെന്ന റഷ്യന്‍ പ്രസ്താവനയും പുറത്തിറങ്ങി. പശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് സുരക്ഷാ ഉറപ്പ് ഏത് രീതിയില്‍ വേണമെന്ന കാര്യം യുക്രെയ്ന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. നാറ്റോ പോലുള്ള സൈനിക സഖ്യങ്ങളില്‍ ചേരുകയോ സൈനിക താവളങ്ങള്‍ ഒരുക്കുകയോ ചെയ്യില്ലെന്ന് യുക്രെയ്ന്‍ പ്രതിനിധികള്‍ ചർച്ചയില്‍ വ്യക്തമാക്കി.