ആക്രമണം ഗുരുതരമായി തുടരുന്നു; യുക്രെയ്‌നുമായി ധാരണയിലേക്കെന്ന് റഷ്യ

ക്രൂഡ് ഓയില്‍ വിലക്കുറവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Update: 2022-03-16 10:37 GMT

മോസ്‌കോ: യുക്രെയ്‌നുമായുള്ള സമാധാന കരാറിനായുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലേക്ക് അടുക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. കീവിന്റെ നിഷ്പക്ഷ പദവി നല്‍കുന്നത് സജീവമായി പരിഗണിക്കുന്നതാണ് ഇതിലൊന്ന്.

മരിയോപോളിനെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിലും റഷ്യയുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുക്രെയ്‌നും വ്യക്തമാക്കി. റഷ്യയുടെ അധിനിവേശത്തിന്റെ 20ാം ദിവസത്തിലാണ് ഈ സംഭവവികാസമുണ്ടായത്.

അതേസമയം, ക്രൂഡ് ഓയില്‍ വിലക്കുറവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നിരുന്നാലും, ഈ സമയത്ത് ചരിത്ര പുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ എവിടെ നില്‍ക്കണമെന്ന് നാം ചിന്തിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ പിന്തുണച്ചിട്ടില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ബന്ധപ്പെട്ട എല്ലാവരോടും ഇന്ത്യ ആവശ്യപ്പെട്ടത്. അതേസമയം, റഷ്യയ്‌ക്കെതിരായ എല്ലാ ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം റഷ്യ കീവില്‍ ബോംബാക്രമണം ശക്തമാക്കിയെന്ന് യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഏകദേശം ഇരുപതിനായിരത്തോളം ജനങ്ങള്‍ മരിയുപോളില്‍ നിന്ന് മാനുഷിക ഇടനാഴിയിലൂടെ പലായനം ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം മരിയുപോളിലെ ആശുപത്രി പിടിച്ചെടുക്കുകയും ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ മറ്റൊരു ആക്രമണത്തിനിടെ 500 ഓളം പേരെ ബന്ദികളാക്കിയതായും പ്രാദേശിക നേതാവ് പാവ്‌ലോ കിറിലെങ്കോ പറഞ്ഞു.

അതിനിടെ, ഏകദേശം മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ റഷ്യയുടെ ആവശ്യങ്ങള്‍ 'കൂടുതല്‍ യാഥാര്‍ത്ഥ്യമായി' മാറുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ബുധനാഴ്ച രാവിലെ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'ശ്രമങ്ങള്‍ ഇനിയും ആവശ്യമാണ്, ക്ഷമ ആവശ്യമാണ്,' അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതിനിടെ യുക്രെയ്‌ന് സുരക്ഷാ സഹായമായി 800 മില്യണ്‍ ഡോളര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതോടെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സഹായമുള്‍പ്പെടെ ആകെ സഹായം ഒരു ബില്യണ്‍ ഡോളറാകുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു.

Similar News