സെലെന്‍സ്‌കി ഇന്ന് യുഎന്‍ രക്ഷാസമിതിയെ അഭിസംബോധന ചെയ്യും
ബുച്ചയിലേയും കീവിന് സമീപമുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും റഷ്യന്‍ അതിക്രമങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ റഷ്യക്ക് മേല്‍ രോക്ഷം കണക്കുകയാണ്.
കീവ്: ചൊവ്വാഴ്ച യുഎന്‍ രക്ഷസമിതിയെ അഭിസംബോധന ചെയ്യുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യയുടെ കൂട്ടക്കൊലയും യുക്രെയ്‌നില്‍ നടത്തിയ മറ്റു അക്രമങ്ങളും ചര്‍ച്ചയാകും. അതേസമയം, തങ്ങള്‍ക്ക് പങ്കില്ലെന്ന നിലപാട് റഷ്യ യുഎന്നിലും ആവര്‍ത്തിച്ചേക്കും. അതിക്രമങ്ങള്‍ നടത്തിയത് തങ്ങളുടെ സൈന്യമല്ലെന്നും ആരോപണങ്ങള്‍ ക്രിമിനല്‍ പ്രകോപനങ്ങള്‍ ആണെന്നും റഷ്യ പറഞ്ഞിരുന്നു.
യുഎസ് കോണ്‍ഗ്രസ്, ബ്രിട്ടീഷ് പാര്‍ലമെന്റ്, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയുള്‍പ്പെടെ വിവിധ അസംബ്ലികളെ യുക്രെയ്ന്‍ പ്രസിഡന്റ് ഇതിനകം അഭിസംബോധന ചെയ്തിട്ടുണ്ട്.
അതേസമയം, ബുച്ചയിലേയും കീവിന് സമീപമുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നും റഷ്യന്‍ അതിക്രമങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ റഷ്യക്ക് മേല്‍ രോക്ഷം കണക്കുകയാണ്. റഷ്യയില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഇത് കാരണമായിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജര്‍മനിയും ഫ്രാന്‍സും ഡസന്‍ കണക്കിന് നയതന്ത്ര ഉദ്യോഗസ്ഥാന്മരെ പുറത്താക്കി. യുദ്ധ കുറ്റങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ വിചാരണ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
അതിനിടെ, യുദ്ധത്തില്‍ ഇതുവരെ 18 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അറിയിച്ചു. 13 പേര്‍ക്ക് പരുക്കേറ്റെന്നും എട്ട് പേരെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലെന്നും അറിയിച്ചു.