കീവിനു സമീപം മോർട്ടാർ ആക്രമണം; ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു
പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ പോലിസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു
മോസ്‌കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഇരുപത്തി നാലാം ദിവസത്തിൽ എത്തിനിൽക്കെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുന്നു. റഷ്യയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്കു യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിർ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.
കീവ് മേഖലയിലെ പട്ടണമായ മകാരിവിൽ റഷ്യയുടെ മോർട്ടാർ ആക്രമണത്തിൽ വെള്ളിയാഴ്ച ഏഴ് പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ പോലിസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. "മകാരിവിൽ ശത്രുക്കളുടെ ഷെല്ലാക്രമണത്തിന്റെ ഫലമായി ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു," പ്രസ്താവനയിൽ പറയുന്നു.
അതേസമയം യുക്രെയ്നില്‍ ഹൈപര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. കിന്‍സാല്‍ മിസൈലുകള്‍ ഉപയോഗിച്ചതായാണു പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഐഎഫ്എക്‌സ് റിപോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്നിലെ ഒഡേസയ്ക്കു സമീപമുള്ള സൈനിക റേഡിയോ നിരീക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.