യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം; റഷ്യന്‍ ന്യൂസ് എഡിറ്ററെ പിഴയീടാക്കി വിട്ടയച്ചു
ചൊവ്വാഴ്ച മോസ്‌കോയിലെ ഒസ്താങ്കിനോ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി 30,000 റൂബിള്‍സ് (280 ഡോളര്‍) പിഴയടക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അവളെ വിട്ടയച്ചത്.
മോസ്‌കോ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനയ്്ക്കിടെ സ്റ്റുഡിയോയിലേക്ക് ഓടിക്കയറി മോസ്‌കോയുടെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധിച്ചതിനു പോലിസ് അറസ്റ്റ് ചെയ്ത ന്യൂസ് എഡിറ്റര്‍ മറീന ഓവ്‌സ്യാനിക്കോവയെ പിഴ ചുമത്തി വിട്ടയച്ചു. ന്യൂസ് എഡിറ്ററുടെ കസ്റ്റഡിക്കെതിരേ അന്താരാഷ്ട്ര പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിഴചുമത്തി മോചിപ്പിക്കാന്‍ റഷ്യന്‍ ഭരണകൂടം നിര്‍ബന്ധിതമായത്.
ചാനല്‍ വണ്‍ ടെലിവിഷനിലെ എഡിറ്ററായ മറീന ഒവ്‌സ്യാനിക്കോവ, 'യുദ്ധം വേണ്ട' എന്ന് ഇംഗ്ലീഷില്‍ എഴുതിയ ഒരു പോസ്റ്ററുമായി തിങ്കളാഴ്ചത്തെ ജനപ്രിയ രാത്രിചര്‍ച്ചയ്ക്കിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
അതേസമയം, വിട്ടയച്ചെങ്കിലും രണ്ട് കുട്ടികളുടെ അമ്മയായ ഓവ്‌സ്യാനിക്കോവയ്‌ക്കെതിരേ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു.
പടിഞ്ഞാറന്‍ അനുകൂല ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കാനുള്ള പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഒവ്‌സിയാനിക്കോവയുടെ കേസ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുകയും റഷ്യയിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് അഭയമോ മറ്റ് തരത്തിലുള്ള കോണ്‍സുലാര്‍ സംരക്ഷണമോ വാഗ്ദാനം ചെയ്തിരുന്നു.പ്രതിഷേധത്തിന് ശേഷം 14 മണിക്കൂര്‍ തടങ്കലില്‍ വെച്ച് ചോദ്യം ചെയ്തതായി അവര്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചൊവ്വാഴ്ച മോസ്‌കോയിലെ ഒസ്താങ്കിനോ ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി 30,000 റൂബിള്‍സ് (280 ഡോളര്‍) പിഴയടക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് അവളെ വിട്ടയച്ചത്.