റഷ്യയില്‍ വീണ്ടും വിമാന ദുരന്തം; 17 യാത്രക്കാരുമായി പുറപ്പെട്ട വിമാനം സൈബീരിയയില്‍ കാണാതായി
കെഡ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌കിലേക്ക് പോയ അന്റോനോവ് 28 വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് റഷ്യന്‍ അടിയന്തര മന്ത്രാലയത്തിന്റെ പ്രാദേശിക ബ്രാഞ്ച് അറിയിച്ചു.
മോസ്‌കോ: സൈബീരിയന്‍ നഗരമായ ടോംസ്‌കിന് പുറത്ത് 17 പേരുമായി റഷ്യന്‍ യാത്രാവിമാനം കാണാതായതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുന്‍പ് വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് റഷ്യയില്‍ സമാനമായ മറ്റൊരു സംഭവം. വെള്ളിയാഴ്ചയാണ് അപകടം.
കെഡ്രോവി പട്ടണത്തില്‍ നിന്ന് ടോംസ്‌കിലേക്ക് പോയ അന്റോനോവ് 28 വിമാനം റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് റഷ്യന്‍ അടിയന്തര മന്ത്രാലയത്തിന്റെ പ്രാദേശിക ബ്രാഞ്ച് അറിയിച്ചു.
വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ചില ന്യൂസ് ഏജന്‍സികള്‍ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമാനം തിരയാനായി രണ്ട് ഹെലികോപ്റ്ററുകള്‍ അയച്ചതായി മേഖലാ ഗവര്‍ണര്‍ സെര്‍ജി ഷ്വാച്ച്കിന്‍ പറഞ്ഞു. വിമാനം അപ്രത്യക്ഷമാകുന്നതിന് മുമ്പ് വിമാന ജീവനക്കാര്‍ പ്രശ്‌നങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പ് കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍26 വിമാനം അപകടത്തില്‍പ്പെട്ടാണ് 28 പേര്‍ മരിച്ചത്. റണ്‍വെയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ കടല്‍തീരത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.