റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വെളിപ്പെടുത്തലുമായി യുക്രെയ്ന്‍

Update: 2022-05-24 14:20 GMT

മോസ്‌കോ: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെതിരേ രണ്ടുമാസം മുമ്പ് വധശ്രമമുണ്ടായതായി വെളിപ്പെടുത്തല്‍. തലനാരിഴയ്ക്കാണ് വധശ്രമത്തില്‍ നിന്ന് പുടിന്‍ രക്ഷപ്പെട്ടതെന്ന വിവരം യുക്രെയ്ന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം മേധാവി മേജര്‍ ജനറല്‍ കിറിലോ ബുധനോവ് ആണ് പുറത്തുവിട്ടത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് പര്‍വതമേഖലയിലാണ് പുടിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് 'യുക്രെയ്ന്‍സ്‌ക പ്രവ്ദ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഫെബ്രുവരി 24ന് റഷ്യ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടയില്‍ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് പുടിന്‍ വധശ്രമത്തെ അതിജീവിച്ച വാര്‍ത്ത യുക്രെയ്ന്‍ പുറത്തുവിട്ടത്. പുടിനെ വകവരുത്താനുള്ള ശ്രമമുണ്ടായി. കൊക്കേഷ്യയില്‍നിന്നുള്ള ഒരുസംഘമാണ് പുടിനെ ആക്രമിച്ചത്. ശ്രമം വിജയിച്ചില്ലെങ്കിലും സംഭവം രണ്ടുമാസം മുമ്പ് നടന്നതാണെന്നും ബുധനോവ് വ്യക്തമാക്കി. എന്നാല്‍, ബുധനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.

ആഴ്ചകള്‍ക്ക് മുമ്പ് പുടിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹം വയറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും റിപോര്‍ട്ടുണ്ട്. പുടിന് രക്താര്‍ബുദമാണെന്നും ആരോഗ്യനില മോശമാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ഒരാളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ പുതിനുമായി ഇടപെടാന്‍ നിലവില്‍ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുതിന്‍ അകലം പാലിക്കുകയാണെന്നും ബുധനോവ് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുടിന്റെ വ്യാമോഹം.

എന്നാല്‍, ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാണ് പുടിനെയും കാത്തിരിക്കുന്നതെന്നും ബുധനോവ് മുന്നറിയിപ്പ് നല്‍കി. ആഗസ്ത് മധ്യത്തോടെ റഷ്യ- യുക്രെയ്ന്‍ യുദ്ധം നിര്‍ണായകഘട്ടത്തിലെത്തുമെന്നും 2022 അവസാനത്തോടെ യുദ്ധം പരിസമാപ്തിയിലേക്ക് നീങ്ങുമെന്നും മെയ് ആദ്യം 'സ്‌കൈ ന്യൂസി'നോട് സംസാരിക്കവെ ബുധനോവ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ നേതൃത്വം പുതിനില്‍ നിന്ന് മാറ്റപ്പെടുമെന്നും ബുധനോവ് പറയുകയുണ്ടായി. റഷ്യയില്‍ ഭരണ അട്ടിമറിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും യുക്രെയ്ന്‍ രഹസ്യാന്വേഷണ മേധാവിയായ ബുധനോവ് സൂചിപ്പിച്ചിരുന്നു.

Tags:    

Similar News