മോദിക്കെതിരേ മല്‍സരിക്കുന്ന മുന്‍ ജവാന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന് നോട്ടീസ് അയച്ചത്.
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വാരാണസിയില്‍ എസ്പി ടിക്കറ്റില്‍ മല്‍സരിക്കുന്ന പുറത്താക്കപ്പെട്ട മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂര്‍ യാദവിന് നോട്ടീസ് അയച്ചത്. മെയ് ഒന്നിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതിനെതുടര്‍ന്നാണ് ഇദ്ദേഹത്തെ സൈന്യത്തില്‍നിന്നു പുറത്താക്കിയത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സൈന്യത്തില്‍നിന്നു പുറത്താക്കിയതാണെന്നു ഇദ്ദേഹം സമ്മതിച്ചിരുന്നു.
സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് വാരാണസിയില്‍ ജനവിധി തേടുന്നത്. നേരത്തെ ശാലിനി യാദവിനെ വാരാണസിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവരെ പിന്‍വലിക്കുകയായിരുന്നു.
ബി.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട തേജ് ബഹദൂര്‍ യാദവ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ വാരാണസിയില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്തു.