നെഹ്‌റു ക്രിമിനല്‍; ചൗഹാനെ പിന്തുണച്ച് പ്രജ്ഞാസിങ്
ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്നായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന.
മോദി സര്‍ക്കാരിന്റെ കശ്മീര്‍ ബില്ലിനെ എതിര്‍ക്കുന്നത് രാജ്യസ്‌നേഹമല്ലെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയില്‍ സന്തോഷിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍.
നെഹ്‌റു പാകിസ്താനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വലിയ കുറ്റമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പ്രസ്താവിച്ചിരുന്നു. ആ സമയം ഇന്ത്യന്‍ സേന പാകിസ്താന്‍ 'തീവ്രവാദികളെ' കശ്മീരില്‍ നിന്ന് തുരത്തിയോടിക്കുകയായിരുന്നു. നെഹ്‌റുവിന്റെ ആ തീരുമാനം കാരണമാണ് പാകധീന കശ്മീര്‍ ഉണ്ടായതെന്നും ചൗഹാന്‍ ആരോപിച്ചിരുന്നു.
അതേസമയം, ശിവരാജ് സിംഗിന് നെഹ്‌റുവിന്റെ കാലിനടിയിലെ പൊടിയാവാന്‍ പോലും യോഗ്യതയില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് മാനക്കേട് തോന്നേണ്ടതാണെന്നും ദിഗ്വിജയ് സിംഗ് വിമര്‍ശിച്ചിരുന്നു. പ്രഗ്യാ താക്കൂറിനെതിരേയും കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രജ്ഞയുടെ ചരിത്രം എല്ലാവര്‍ക്കുമറിയാം. അവരുടെ ഉള്ളില്‍ നിന്ന് ഗോഡ്‌സെയാണ് സംസാരിക്കുന്നത്. ഇവര്‍ ഗോഡ്‌സെയുടെ അനുയായികളാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.