'ബ്രിജ് ഭൂഷണ്‍ സിങ് ശരീരത്തില്‍ തൊട്ടു' ലൈംഗികാതിക്രം തുറന്ന് പറഞ്ഞ് സാക്ഷി മാലിക്കിന്റെ ആത്മകഥ
പ്രതിഷേധിച്ചപ്പോള്‍ അച്ചനെ പോലെയാണ് തൊട്ടതെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞെന്നും സാക്ഷി മാലിക്ക്
ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങില്‍ നിന്നും നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഒളിമ്പ്യന്‍ സാക്ഷി മാലിക്കിന്റെ ആത്മകഥ. ബ്രസീലിലെ റയോ ഡി ജനീറയില്‍ 2016ല്‍ നടന്ന ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ശേഷമാണ് അതിക്രമം നേരിട്ടതെന്ന് ആത്മകഥയായ 'വിറ്റ്‌നസ്' പറയുന്നു.
വെങ്കല മെഡല്‍ നേടിയ ശേഷം മാതാപിതാക്കളുമായി സംസാരിക്കാനായി ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ്ങിന്റെ ഹോട്ടല്‍ മുറിയിലേക്ക് തന്നെ കൊണ്ടു പോയെന്ന് ആത്മകഥയില്‍ സാക്ഷി മാലിക്ക് പറയുന്നു.
''ബ്രിജ് ഭൂഷണ്‍ സ്വന്തം ഫോണില്‍ നിന്ന് എന്റെ മാതാപിതാക്കളെ വിളിച്ചു. ഫോണില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു. അയാളെ തള്ളിമാറ്റിയ ശേഷം ഞാന്‍ കരഞ്ഞു. അപ്പോള്‍ അയാള്‍ പിന്‍മാറി. അയാള്‍ വിചാരിക്കുന്ന കാര്യത്തിന് എന്നെ കിട്ടില്ലെന്ന് അയാള്‍ക്ക് മനസിലായി. അപ്പോള്‍ അയാള്‍ എന്നെ കെട്ടിപിടിച്ച് അച്ചനെ പോലെയാണെന്ന് പറഞ്ഞു. പക്ഷെ, അത് അങ്ങനെയല്ലെന്ന് എനിക്കറിയാമായിരുന്നു. റൂമിലേക്ക് കരഞ്ഞു കൊണ്ടാണ് ഞാന്‍ ഓടിപ്പോയത്.''-ആത്മകഥയില്‍ സാക്ഷി മാലിക്ക് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ 2023 ജനുവരിയില്‍ ജന്തര്‍മന്തറില്‍ സാക്ഷി മാലിക്കും മറ്റു ഗുസ്തിതാരങ്ങളും പ്രതിഷേധിച്ചിരുന്നു. ചില ഗുസ്തിതാരങ്ങള്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസും റജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബ്രിജ് ഭൂഷണ്‍ സിങ് ആരോപിക്കുന്നത്.
റയോ ഡി ജനീറയില്‍ ഉണ്ടായിരുന്ന അനിത ഷിയോറാനോടും അമ്മയോടും എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാലും നടന്ന സംഭവങ്ങള്‍ പ്രചരിപ്പിക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു. ആരും ഇക്കാര്യം പുറത്തുപറഞ്ഞില്ല.
ഭയവും ഉല്‍ക്കണ്ഠയും അടുത്ത ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തെ ബാധിച്ചു. പതിനേഴാം സ്ഥാനമാണ് ചാമ്പ്യന്‍ഷിപ്പില്‍ നേടാനായത്. കുട്ടിക്കാലത്തെ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി സാക്ഷി മാലിക്ക് പറയുന്നു. ഒരു ട്യൂഷന്‍ മാഷും പീഡിപ്പിച്ചു. അന്ന് അത് എന്റെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിച്ചത്. വളരെ കാലം കഴിഞ്ഞാണ് അമ്മയോട് കാര്യം പറഞ്ഞത്. എല്ലാം മറന്നുകളയാനാണ് അമ്മ ആവശ്യപ്പെട്ടതെന്നും സാക്ഷി പറയുന്നു.