കൂറുമാറ്റം തുടര്‍ക്കഥയായി; മുസഫര്‍നഗര്‍ കലാപത്തിനിടെ മുസ്‌ലിം വീടുകള്‍ കത്തിച്ച 20 പ്രതികളെകൂടി കോടതി വെറുതെവിട്ടു

ഹിന്ദുത്വര്‍ തങ്ങളുടെ വീടുകള്‍ കത്തിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുട്ബി ഗ്രാമത്തിലെ താമസക്കാരനായ സിറാജുദ്ദീന്‍ 2013 സെപ്റ്റംബര്‍ 8ന് ഷാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്.

Update: 2021-09-21 14:09 GMT

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ മുസ്‌ലിം വീടുകള്‍ കത്തിച്ച കേസിലെ 20 പ്രതികളെ സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതി വെറുതെ വിട്ടു. കല, രവി, പുഷ്‌പേന്ദ്ര, ദീപക് എന്ന കുമാര്‍, പ്രദീപ്, വിശ്വജീത്, പപ്പു എന്ന വരന്‍, മമത് എന്ന ധരംപാല്‍, രാകല്‍ എന്ന ഫെര്‍മിപാല്‍, ഗോക്ഷ്‌വാദ് എന്ന സൗരഭ്, നിഖില്‍, ആകാശ്, നീരിവാള്‍, കുല്‍ദീപ്, നീത് കാല എന്ന ചന്ദ്രകാന്ത്, പവന്‍, സോനു എന്ന ഗൗരവ്, രഞ്ജ എന്ന രാജ്പാല്‍, ഓമ്പല്‍, സച്ചിന്‍ എന്നിവരെയാണ് തെളിവില്ലെന്ന കാരണം പറഞ്ഞ് കോടതി മോചിപ്പിച്ചത്.

ഹിന്ദുത്വര്‍ തങ്ങളുടെ വീടുകള്‍ കത്തിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുട്ബി ഗ്രാമത്തിലെ താമസക്കാരനായ സിറാജുദ്ദീന്‍ 2013 സെപ്റ്റംബര്‍ 8ന് ഷാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നത്. വീടുകള്‍ കത്തിക്കല്‍, കവര്‍ച്ച നടത്തല്‍, പിടിച്ചുപറി തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നതെന്ന് അഡീഷണല്‍ ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ (എഡിജിസി) നരേന്ദര്‍ ശര്‍മ്മ പറഞ്ഞു.

തുടര്‍ന്ന് കലാപ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) 21 പേര്‍ക്കെതിരെ ഐപിസി 436, 396, 386, 295 വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ നടപടികള്‍ക്കിടെ പ്രതികളിലൊരാള്‍ മരിക്കുകയും ചെയ്തു.

അതേസമയം, പ്രതികള്‍ക്കെതിരേ തെളിവ് ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജി ബാബുറാം അവരെ കുറ്റവിമുക്തരാക്കിയത്. 'എല്ലാ സാക്ഷികളും പരാതിക്കാരും കൂറു മാറിയതായും പബ്ലിക് പ്രോസിക്യൂട്ടര്‍ (ഡിജിസി) രാജീവ് ശര്‍മ്മ പറഞ്ഞു.

2013 മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തീവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട 97 കേസുകളില്‍ പ്രതികളായ 1,117 പേരെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തെളിവുകളുടെ അഭാവമോ സാക്ഷികള്‍ കൂറുമാറിയതോ കാരണമായി വെറുതെ വിട്ടിട്ടുണ്ട്.

2017 ല്‍ യോഗി മുഖ്യമന്ത്രിയായി യുപിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം, ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം 2018 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയെ കണ്ട് മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച മൊത്തം 175 കേസുകളില്‍, കോടതി ഇതുവരെ 36 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 77 ഓളം കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. 2013 ഓഗസ്റ്റിലും സെപ്റ്റംബറിലും മുസാഫര്‍നഗറിലും സമീപപ്രദേശങ്ങളിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തിലധികം പേര്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുസഫര്‍നഗറിലെ 510 കലാപ കേസുകള്‍ അന്വേഷിക്കുകയും 175 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 1,480 പേരെ അറസ്റ്റ് ചെയ്തു.

Tags:    

Similar News