യുപിയില്‍ ചെളി നീക്കുന്നതിനിടെ ഗംഗ കനാലില്‍ മൃതദേഹങ്ങളുമായി രണ്ട് കാറുകള്‍ കണ്ടെത്തി; പോലിസ് അന്വേഷണം തുടങ്ങി
ലഖ്‌നോ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ ഗംഗ കനാലില്‍നിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെടുത്തത് രണ്ട് കാറുകള്‍. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളുമുണ്ടായിരുന്നു. നദിയിലെ മണലും മറ്റ് അവശിഷ്ടങ്ങളും നീക്കി നീരൊഴുക്കി സുഗഗമാക്കുന്നതിനിടെ രണ്ടിടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും കുടുംബങ്ങളെ വിവരം അറിയിച്ചതായും പോലിസ് പറയുന്നു. അന്വേഷണം നടന്നുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. ബാഗ്ര സ്വദേശിയായ ദില്‍ഷാദ് അന്‍സാരി (27) യുടെ മൃതദേഹമാണ് ആദ്യം കനാലില്‍നിന്ന് കണ്ടെത്തിയത്.
നദിയില്‍നിന്ന് പുറത്തെടുത്ത കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റില്‍ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കാറില്‍നിന്ന് ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ദില്‍ഷാദ് ആണെന്ന് പോലിസ് തിരിച്ചറിഞ്ഞു. ഇയാളെ കഴിഞ്ഞ ജനുവരി മുതല്‍ കാണാനില്ലെന്ന് സഹോദരന്‍ വാജിദ് അന്‍സാരി ന്യൂമണ്ഡി പോലിസില്‍ പരാതി നല്‍കിയിരുന്നു. കൂട്ടുകാരന്റെ കാറുമായി പോയ ദില്‍ഷാദിനെ കാണാനില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ദില്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റര്‍ മാറി സിഖേദയിലാണ് രണ്ടാമത്തെ കാര്‍ കനാലില്‍നിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലിസ് സ്ഥിരീകരിച്ചു. ഒരു സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ അനുസരിച്ച് ക്രെയിന്‍ ഉപയോഗിച്ച് കനാലില്‍നിന്ന് കറുത്ത സെഡാന്‍ കാര്‍ പുറത്തെടുക്കുന്നതായി കാണാം.
മറ്റൊരു സ്ഥലത്തെ വീഡിയോയില്‍ ഒരു വെളുത്ത കാറും അതിനു ചുറ്റുമുള്ള പോലിസുകാരെയും കാണുന്നു. രണ്ടുസംഭവങ്ങളിലും പോലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി ഹിമാന്‍ഷു ഗൗരവ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.