നേതൃത്വത്തിന്റെയല്ല, ആശയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്: സൽമാൻ ഖുർഷിദ്

'പാര്‍ട്ടിയും രാജ്യവും ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി നേതൃത്വത്തിന്റേതല്ല. ആശയങ്ങളുടെ പ്രതിസന്ധിയാണ്. പരസ്പരം ആശയങ്ങള്‍ പങ്കുവച്ച് ഏകാഭിപ്രായത്തില്‍ എത്തിയാല്‍ മാത്രേ അത് പരിഹരിക്കാനാവൂ.

Update: 2022-03-16 10:23 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃസ്ഥാനത്തു നിന്നും ഗാന്ധി കുടുംബം ഒഴിയണമെന്നും, മറ്റാര്‍ക്കെങ്കിലും അതിനുള്ള അവസരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി സല്‍മാന്‍ ഖുര്‍ഷിദ്. നേൃത്വത്തിന്റെയല്ല, ആശയങ്ങളുടെ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ 'നമുക്ക് ശരിയായ നേതാവില്ലാത്തതിനാല്‍' എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

'പാര്‍ട്ടിയും രാജ്യവും ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി നേതൃത്വത്തിന്റേതല്ല. ആശയങ്ങളുടെ പ്രതിസന്ധിയാണ്. പരസ്പരം ആശയങ്ങള്‍ പങ്കുവച്ച് ഏകാഭിപ്രായത്തില്‍ എത്തിയാല്‍ മാത്രേ അത് പരിഹരിക്കാനാവൂ. എന്താണ് കോണ്‍ഗ്രസിന്റെ പാരമ്പര്യ ആശയം? നമുക്ക് അത് സമ്മതിക്കാം, നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കട്ടെ. നമ്മള്‍ സംസാരിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ പാരമ്പര്യ ആശയത്തില്‍ ജീവിച്ചിട്ടുണ്ടോ, നേതാക്കള്‍ ഇത് ചെയ്തിട്ടില്ല,' അദ്ദേഹം പറഞ്ഞു.

പുതിയ ആശയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പോയതിന് നേതൃസ്ഥാനത്തുള്ളവരെല്ലാം ഉത്തരവാദികളല്ലേ എന്നും അദ്ദേഹം ചോദിച്ചു. 'ആശയങ്ങളുടെ പ്രതിസന്ധിയെ നേരിടാന്‍ നേതൃത്വം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം ആശയങ്ങളുണ്ട്. ചിലര്‍ക്ക് മൃദു ഹിന്ദുത്വം വേണം, ചിലര്‍ക്ക് സോഷ്യലിസം വേണം, ചിലര്‍ക്ക് മുതലാളിത്തം വേണം, ചിലര്‍ക്ക് 'മോദിയെ ആക്രമിക്കരുത്'. ഞങ്ങളുടെ നേതൃത്വത്തോട് ഞങ്ങള്‍ എങ്ങനെ നീതി പുലര്‍ത്തുന്നു, അതില്‍ ഞാന്‍ എന്നെയും ഉള്‍പ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു.

'ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു, പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണ്,' സിഡബ്ല്യുസി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെ എല്ലാ തലങ്ങളിലുമുള്ള തിരഞ്ഞെടുപ്പുകള്‍ വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'സിബലിനൊരു കാഴ്ചപ്പാടുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അത് തീരുമാനിക്കില്ല, അദ്ദേഹം എത്ര പ്രഗത്ഭനായാലും,' ഖുര്‍ഷിദ് പറഞ്ഞു. ഇന്ന് മുറവിളി കൂട്ടുന്നവരില്‍ പലരും ഈ സംവിധാനം കൊണ്ട് എന്ത് നേട്ടമുണ്ടാക്കി എന്നൊന്നും പറയുന്നില്ലെന്ന് ജി 23 നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Similar News