വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തി, മുഖ്യമന്ത്രി സമ്മര്‍ദത്തിന് വഴിപ്പെടുമെന്ന് കരുതുന്നില്ല; ന്യൂനപക്ഷ വകുപ്പ് വിഷയത്തില്‍ 'സമസ്ത' മുഖപത്രം
നേരത്തേ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ദീര്‍ഘയാത്ര മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചു കൊണ്ടാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടരി പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാരും വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയതായി 'സമസ്ത' മുഖപത്രം സുപ്രഭാതം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്ദുര്‍റഹ്‌മാനില്‍ നിന്ന് തിരിച്ചെടുത്തതും ചില മന്ത്രിമാര്‍ക്ക് അപ്രധാന വകുപ്പുകള്‍ നല്‍കിയതും വിവാദമായതിനു പിന്നാലെയാണ് ഇകെ വിഭാഗം സമസ്ത മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ ഇത്തരത്തില്‍ വിലയിരുത്തിയത്. അതേസമയം, മുഖ്യമന്ത്രിയില്‍നിന്ന് തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നതെന്നും ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ലെന്നും എഡിറ്റോറിയയില്‍ വ്യക്തമാക്കുന്നുണ്ട്. ''മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ നിറം കെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ നേരത്തെ വി. അബ്ദുറഹ്‌മാനെയാണ് സാധ്യത കല്‍പിച്ചിരുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തയായിരുന്നു പുറത്തുവന്നിരുന്നതും. ഇതിനെതിരേ ക്രൈസ്തവ സഭകള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സമ്മര്‍ദത്തിന് വഴങ്ങിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് തികഞ്ഞ സാമൂഹിക നീതിയാണ് പ്രതീക്ഷിക്കുന്നത്. ആരുടെയെങ്കിലും സമ്മര്‍ദത്തിന് അദ്ദേഹം വഴിപ്പെടും എന്ന് കരുതുന്നില്ല....''. ആദ്യഘട്ടില്‍ വി അബ്ദുര്‍റഹ്‌മാനാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കിയിരുന്നത്. ഇത് ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദത്തിനു മുഖ്യമന്ത്രി വഴങ്ങിയതാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
'ആത്മവിശ്വാസത്തോടെ രണ്ടാമൂഴം' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് അതിന്റെ പ്രൗഡഗംഭീരമായ ആവിഷ്‌കാരത്തില്‍ ശ്രദ്ധേയമായെന്നു പുകഴ്ത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം നല്‍കിയ ആത്മധൈര്യം, രണ്ടാമൂഴത്തിനൊരുങ്ങുന്ന ഇടത് സര്‍ക്കാരിന് കരുത്തായി മാറേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന സുപ്രഭാതം പ്രതീക്ഷകള്‍ക്കൊപ്പം പ്രതിസന്ധിയുടെ കാറ്റും കോളും നിറഞ്ഞ ഒരന്തരീക്ഷത്തില്‍ സംസ്ഥാന യാനത്തെ വിജയപൂര്‍വം ശാന്തിയുടെ തീരത്തേക്ക് നയിക്കുകയെന്ന ഭാരിച്ച ചുമതലയാണ്, ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്നും ഓര്‍മിപ്പിക്കുന്നു.
നേരത്തേ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ദീര്‍ഘയാത്ര മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ചു കൊണ്ടാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടരി പ്രഫ. കെ ആലിക്കുട്ടി മുസ് ല്യാരും വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് കത്ത് മുഖേനയും നേരിലും മുഖ്യമന്ത്രി നേരത്തേ തന്നെ ക്ഷണിച്ചിരുന്നെന്നും അപ്പോള്‍ തന്നെ യാത്രാ ബുദ്ധിമുട്ട് അദ്ദേഹത്തെ അറിയിച്ചതാണെന്നുമാണ് വിശദീകരിച്ചത്. കാന്തപുരം വിഭാഗം നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ സമസ്ത നേതാക്കള്‍ നിലപാടിന്റെ ഭാഗമായാണ് വിട്ടുനിന്നതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായതോടെയാണ് നേതാക്കളുടെ വിശദീകരണമെന്നതും ശ്രദ്ധേയമാണ്.
'Samastha' front page on the subject of Minority Department