സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്: ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം കടുത്ത ബിജെപി അനുഭാവി; വിശ്വാസമില്ലെന്ന് സമാജ് വാദി പാര്‍ട്ടി

താന്‍ ബിജെപിയില്‍ ചേരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും 2017ല്‍ ഇയാള്‍ പ്രഖ്യാപിച്ചു.

Update: 2024-12-02 02:40 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ജാമീഅ് മസ്ജിദ് പരിസരത്തുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷനിലെ ഒരു അംഗം കടുത്ത ബിജെപി അനുകൂലി. സംഭല്‍ സംഘര്‍ഷം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായ ആനന്ദി ബെന്‍ പട്ടേല്‍ രൂപീകരിച്ച കമ്മീഷനില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ അരോര, ഐപിഎസ് ഉദ്യോഗസ്ഥരായ അമിത് മോഹന്‍ പ്രസാദ്, അരവിന്ദ് കുമാര്‍ ജെയ്ന്‍ എന്നിവരാണുള്ളത്.

ഇന്നലെ കമ്മീഷന്‍ സംഭല്‍ സന്ദര്‍ശിച്ചു. അമിത് മോഹന്‍ പ്രസാദ് ഇന്നലെ സംഘത്തിലുണ്ടായിരുന്നില്ല. എന്നാല്‍, അരവിന്ദ് കുമാര്‍ ജെയ്ന്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ടിവി ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് അരവിന്ദ് കുമാര്‍ ജെയ്ന്‍. 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇയാള്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ 2015ല്‍ ഉത്തര്‍പ്രദേശ് ഡിജിപിയായി ചുമതലയേറ്റിരുന്നു. എന്നാല്‍, അധിക കാലം സര്‍വീസ് ലഭിക്കുന്നതിന് മുമ്പ് വിരമിച്ചു. താന്‍ ബിജെപിയില്‍ ചേരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും 2017ല്‍ ഇയാള്‍ പ്രഖ്യാപിച്ചു. എന്നാല്‍, എന്തോ കാരണങ്ങള്‍ കൊണ്ട് ഇത് നടപ്പായില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


ബിജെപിക്കാരെ കുത്തിനിറച്ച കമ്മീഷനില്‍ വിശ്വാസമില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് പറഞ്ഞു. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സംഭലില്‍ എത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ പ്രധാനമായും സംഭല്‍ എസ്പി കൃഷ്ണകുമാറിന്റെയും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയയുടെ മൊഴിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭലില്‍ ആറ് മുസ്‌ലിം യുവാക്കളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടത് ഇവരാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം, സംരക്ഷിത പൈതൃക നിര്‍മിതിയായതിനാല്‍ മസ്ജിദിന്റെ നിയന്ത്രണാധികാരം ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സിവില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മസ്ജിദിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രണവും നടത്തിപ്പും ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ആവശ്യപ്പെടുന്നത്.

Tags:    

Similar News