''ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷം ആര് തിരിച്ചുതരും...?''; സംലേതി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ചോദിക്കുന്നു

അവസാന ദിവസം തലേന്ന് രാത്രി ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തന്റെ 16ാം വയസ്സില്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ട മിര്‍സാ നിസാര്‍ പറഞ്ഞു. എന്നാല്‍ 19 വയസ്സ് ഉണ്ടായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ പച്ചക്കള്ളം പറഞ്ഞത്. ഇനി, തന്റെ 39ാമത്തെ വയസ്സില്‍ വിവാഹമൊക്കെ കഴിച്ച് പുതിയൊരു ജീവിതം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് നിസാര്‍.

Update: 2019-07-24 08:44 GMT

ജയ്പൂര്‍: ''ഞങ്ങള്‍ക്ക് ബന്ധുക്കളെ നഷ്ടപ്പെട്ടു. ഉമ്മയും ഉപ്പയും രണ്ട് അമ്മാവന്‍മാരും മരിച്ചുപോയി. ഞങ്ങളെ ഇപ്പോള്‍ കുറ്റവിമുക്തരാക്കി. പക്ഷേ, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷങ്ങള്‍ ആര് തിരിച്ചുതരും...?. സംലേതി സ്‌ഫോടനക്കേസ് പ്രതികളെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ട് നീണ്ട 23 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തരാക്കപ്പെട്ടവര്‍ നമ്മോടാണ്, നമ്മുടെ സമൂഹത്തോടാണ്, ജുഡീഷ്യറിയോടാണ് ഈ ചോദ്യമുന്നയിക്കുന്നത്. 1996 മെയ് 22നു രാജസ്ഥാനിലെ സംലേതിയില്‍ ആഗ്രയില്‍നിന്നു ബികാനീറിലേക്കു പോവുകയായിരുന്ന ആര്‍എസ്ആര്‍ടിസി ബസില്‍ ബോംബ് സ്‌ഫോടനം നടത്തി 14 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന സംഭവത്തിലാണ് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഹൈക്കോടതി നിരപരാധികളെന്നു കണ്ടെത്തി വെറുതെവിട്ടത്. ഡല്‍ഹിയിലും കാഠ്മണ്ഡുവിലും കശ്മീരി കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന ലത്തീഫ് അഹ്മദ് ബാജ(42), അലി ഭട്ട്(48), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിര്‍സാ നിസാര്‍(39), ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍നിന്നുള്ള അബ്ദുല്‍ ഗോനി(57), ആഗ്ര സ്വദേശി റയീസ് ബേഗ്(56) എന്നിവരെയാണ്, കാല്‍ നൂറ്റാണ്ട് കാലത്തോളം യൗവ്വനം ജയിലില്‍ ഹോമിക്കപ്പെട്ട ശേഷം നിരപരാധിയെന്നു തെളിഞ്ഞ് ജയില്‍ മോചിതരാക്കിയത്. 1997 ജൂണ്‍ 17നും ജൂലൈ 27നും ഇടയില്‍ പിടികൂടിയ ഇവര്‍ക്ക് ഒരിക്കല്‍പോലും ജാമ്യമോ പരോളോ അനുവദിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇവരിലൊരാള്‍ക്കും കേസിലെ മുഖ്യപ്രതിയെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്ത ഡോ. അബ്്ദുല്‍ ഹമീദുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ഹാജരാക്കാനും ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു കഴിഞ്ഞില്ല.

   

Title

  സംലേതി സ്‌ഫോടനക്കേസ് നാള്‍വഴി

    ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റയീസ് ബേഗിനെ മകന്‍ റിസ് വാനും ഭാര്യയും സഹോദരന്‍ സലീമും കെട്ടിപ്പിടിച്ച് ഒരുപാട് നേരം കരയുകയായിരുന്നു. ഈ വര്‍ഷങ്ങളില്‍ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളുമാണ് തകര്‍ത്തെറിഞ്ഞതെന്ന് കണ്ണീരിനിടയിലും സലീം പറയുന്നുണ്ടായിരുന്നു. അവസാന ദിവസം തലേന്ന് രാത്രി ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തന്റെ 16ാം വയസ്സില്‍ കാരാഗൃഹത്തിലടയ്ക്കപ്പെട്ട മിര്‍സാ നിസാര്‍ പറഞ്ഞു. എന്നാല്‍ 19 വയസ്സ് ഉണ്ടായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ പച്ചക്കള്ളം പറഞ്ഞത്. ഇനി, തന്റെ 39ാമത്തെ വയസ്സില്‍ വിവാഹമൊക്കെ കഴിച്ച് പുതിയൊരു ജീവിതം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് നിസാര്‍.

    ഇതുവരെ വിവാഹം ചെയ്യാതിരുന്ന ലത്തീഫ് അഹ്മദ് ബാജ, തലമുടിയെല്ലാം കൊഴിഞ്ഞുപോയ തനിക്ക് ഇനിയൊരു മണവാട്ടിയെ കിട്ടുമോയെന്നാണു ചോദിച്ചത്. ഇതിനിടയില്‍ സെല്‍ഫോണ്‍ വാങ്ങി ബന്ധുക്കളെ വിളിച്ചു. ശേഷം, തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതില്‍ നിര്‍ണായകമായ നിയമപോരാട്ടം നടത്തിയ ജമാഅത്തെ ഇസ്‌ലാമിയുടെ ഓഫിസിലേക്കാണു പോയത്. എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തെങ്കിലും ജയിലില്‍ നിന്നിറങ്ങിയതോടെ വിശപ്പ് പോലുമില്ലാതായെന്നായിരുന്നു അവരുടെ മറുപടി. ചുറ്റിലുമുള്ള ആര്‍പ്പുവിളികള്‍ കൊണ്ട് എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തിയായിരുന്നു. ജയിലിലായിരിക്കെ, നിസാറും താനും എല്ലാ ദിവസവും വ്യായാമം ചെയ്യാറുണ്ടെന്ന് ബാജ പറഞ്ഞു. അലി ഭട്ടാവട്ടെ രണ്ടുതവണ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി. ഒരെണ്ണം ശ്രീനഗറിലെ തന്റെ വീട്ടിലേക്ക് അയച്ചുകൊടുത്തു. അവന്റെ യുവത്വം കഴിഞ്ഞുപോയി. ഞങ്ങളുടെ മാതാപിതാക്കള്‍ മരണപ്പെട്ടു. അവനുവേണ്ടി കരഞ്ഞുകരഞ്ഞ് എന്റെ കണ്ണീര് തന്നെ നിലച്ചെന്നും ഗോനിയുടെ സഹോദരി സുരയ്യ(62) ജമ്മുവില്‍നിന്ന് ഫോണിലൂടെ പറഞ്ഞു. ഇന്നലെ എന്റെ നെഞ്ചിടിപ്പ് കൂടി. ആദ്യം അവനൊന്ന് വീട്ടിലെത്തട്ടെ. ശേഷം എല്ലാം പറയാമെന്നും അവര്‍ പറഞ്ഞു.

    1996 മെയ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയ്പൂര്‍-ആഗ്ര ദേശീയപാതയില്‍ ദൗസയിലെ സാംലേതി വില്ലേജിനടുത്താണ് ബസ്സില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയിലെ ലജ്പത് നഗര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് ഇവിടെ സ്‌ഫോടനമുണ്ടായത്. പ്രതികള്‍ക്കെല്ലാം ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും 1996ല്‍ ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയം സ്‌ഫോടനത്തിലും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലിസ് ഭാഷ്യം. പല കേസുകളിലും അവരെ പ്രതിചേര്‍ത്തെങ്കിലും തെളിവൊന്നുമില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും 23 വര്‍ഷം പിന്നിട്ടെന്നും കുറ്റാരോപിതര്‍ക്കു വേണ്ടി ഹാജരായ ഷാഹിദ് ഹസന്‍ പറഞ്ഞു. സംലേതി സ്‌ഫോടനക്കേസില്‍ ആകെ 12 പേര്‍ക്കെതിരേയാണ് കുറ്റപത്രം ചുമത്തിയിരുന്നത്. ഇതില്‍ ഏഴുപേരെയാണ് കുറ്റവിമുക്തരാക്കിയത്. ഒരാളെ 2014ല്‍ വെറുതെവിട്ടു. ബാക്കി ആറുപേരെ ചൊവ്വാഴ്ചയാണ് ജസ്റ്റിസുമാരായ സബിന, ഗോവര്‍ധന്‍ ബര്‍ധാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് വെറുതെവിട്ടത്. ലജ്പത് നഗര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാവേദ് ഖാന്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. രണ്ടുപേരെ നേരത്തേ കീഴ്‌ക്കോടതി മോചിപ്പിച്ചിരുന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. സംലേതി സ്‌ഫോടനക്കേസില്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നുള്ള ഡോ. അബ്്ദുല്‍ ഹമീദിന് വധശിക്ഷയും പപ്പു സലീമിന് ജീവപര്യന്തം തടവും വിധിച്ചിരുന്നു. ബാണ്ടികുയി വിചാരണ കോടതി കേസില്‍ 100 സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളുമാണ് ഹാജരാക്കിയിരുന്നത്.


Tags:    

Similar News