ബെംഗളൂരു മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്കു ക്രൈം ബ്രാഞ്ച് നോട്ടീസ്
ബെംഗളൂരു: ബെംഗളൂരുവില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ കന്നഡ ചലച്ചിത്ര താരം രാഗിണി ദ്വിവേദിക്കു നോട്ടീസ്. കേസന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യലിനു ഓഫിസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. നടി ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കുമെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാവാനുണ്ടെന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പിടിയിലായവരില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കണമെന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 9ലേക്കു മാറ്റി.
നടിയുടെ സുഹൃത്ത് രവിയെ പോലിസ് ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യുന്നതെന്നാണു സൂചന. ആഗസ്ത് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എന്‍സിബി അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകള്‍ ഉള്‍ക്കൊള്ളുന്ന ഡയറി കണ്ടെടുത്തതായാണു വിവരം. തുടര്‍ന്ന് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് നടന്‍മാര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ ഇന്ദ്രജിത് ലങ്കേഷില്‍ നിന്നു വീണ്ടും വിവരങ്ങള്‍ തേടുമെന്നും തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു.
സീരിയല്‍ നടി അനി ഒന്നാം പ്രതിയായ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തായ അനൂപാണ് രണ്ടാം പ്രതി. അനൂപിനു വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്ന ആരോപണത്തോടെ കേസ് കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
Sandalwood drug racket: Ragini Dwivedi summoned by Crime Branch