'ഹലാല്‍' പ്രചാരണത്തില്‍ കൈപൊള്ളി; കെ സുരേന്ദ്രന്റെ നിലപാടിനെ തള്ളി സന്ദീപ് വാര്യര്‍

Update: 2021-11-21 05:29 GMT

കോഴിക്കോട്: 'ഹലാല്‍' ഹോട്ടലുകള്‍ക്കെതിരായ സംഘപരിവാര്‍-ക്രിസംഘി വിദ്വേഷ പ്രചാരണം ബിജെപി അനുകൂലികളായ കച്ചവടക്കാര്‍ക്ക് തന്നെ തിരിച്ചടിയായതോടെ കെ സുരേന്ദ്രനെ തള്ളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 'വ്യക്തിപരമായ ഒരു നിരീക്ഷണം' എന്ന ആമുഖത്തില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും സംഘപരിവാര്‍ പ്രവര്‍ത്തകരുടേയും വാദങ്ങളെ സന്ദീപ് വാര്യര്‍ വിമര്‍ശിക്കുന്നത്.

ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസ്‌ലിമിന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസ്‌ലിമും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


തീവ്രവാദ ശക്തികള്‍ ഹോട്ടലുകളില്‍ ഹലാല്‍ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നത്. നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാല്‍ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നു. കേരളത്തില്‍ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നത്. അവിടെ മൊയ്‌ലാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വ്യാജ ഐഡികളിലൂടെയും അല്ലാതെയും സംഘികളും ക്രിസംഘികളും അടുത്ത കാലത്തായി ഉയര്‍ത്തിക്കൊണ്ട് വന്ന 'ഹലാല്‍' വിഷയം ദിവസങ്ങള്‍ക്ക് മുമ്പാണ് കെ സുരേന്ദ്രന്‍ ഏറ്റെടുത്തത്. ഹോട്ടലുകളില്‍ ഉള്‍പ്പടെ മുസ്‌ലിംകള്‍ തുപ്പിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. നോ ഹലാല്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന ഹോട്ടലുകളുടെ ലിസ്റ്റും സംഘികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. കോഴിക്കോട് നഗരത്തിലെ പാരഗണ്‍ ഹോട്ടലിന്റെ പേര് ഉള്‍പ്പടെയുള്ള ലിസ്റ്റാണ് സംഘികള്‍ പ്രചരിപ്പിച്ചത്. നോ ഹലാല്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റില്‍ പാരഗണ്‍ ഹോട്ടലിന്റെ പേരുണ്ടായിട്ടും പാരഗണ്‍ മാനേജ്‌മെന്റ് ആദ്യഘട്ടത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെ പാരഗണ്‍ ഹോട്ടലിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് സംഘപരിവാര്‍ പ്രചരണങ്ങളെ തള്ളി പാരഗണ്‍ മാനേജ്‌മെന്റും രംഗത്തെത്തി.

Tags:    

Similar News