'ഇനിയും ജയ് ശ്രീ റാം ബാനര്‍ ഉയര്‍ത്തും': വെല്ലുവിളിയുമായി സന്ദീപ് വാര്യര്‍
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാലക്കാട് ഇത് വീണ്ടും ആവര്‍ത്തിക്കും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബിജെപി അധികാത്തില്‍ വരും. അന്ന് വീണ്ടും ശ്രീരാമന് ജയ് വിളിച്ചുള്ള ബാനര്‍ വീണ്ടും ഉയര്‍ത്തുമെന്നും സന്ദീപ് വെല്ലുവിളിച്ചു.
കോഴിക്കോട്: പാലക്കാട് മുനിസിപ്പാലിറ്റി മന്ദിരത്തില്‍ നിയമത്തെ വെല്ലുവിളിച്ച് ജയ് ശ്രീ റാം ബാനര്‍ ഉയര്‍ത്തിയ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബാനറില്‍ ശ്രീരാമന്റെ പേര് വച്ചതില്‍ തെറ്റില്ല. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ശ്രീരാമന്റേയും ലക്ഷ്മണന്റേയും സീതയുടേയുമൊക്കെ ചിത്രമുണ്ട്. ശ്രീരാമന് ജയ് വിളിച്ച് ബാനര്‍ തൂക്കിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നും സന്ദീപ് വാര്യര്‍.
ഒരു സ്വകാര്യ ചാനലിന്റെ ന്യൂസ് ഈവനിങ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍. ശ്രീരാമന് ജയ് വിളിക്കുന്നത് ഭരണഘടനയെ നിരസിക്കുന്ന നടപടിയല്ല. ഭരണഘടനയില്‍ ഏത് മൂല്യങ്ങളാണോ ഉള്‍ക്കൊള്ളുന്നത് അത് തിരിച്ചറിഞ്ഞാണ് ജയ് ശ്രീറാം എന്ന് രേഖപ്പെടുത്തിയ ബാനര്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസിനും സിപിഎമ്മിനുമൊക്കെ സാധിക്കുമെങ്കില്‍ അവരും ചെയ്യട്ടെ. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല-സന്ദീപ് വാര്യര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാലക്കാട് ഇത് വീണ്ടും ആവര്‍ത്തിക്കും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബിജെപി അധികാത്തില്‍ വരും. അന്ന് വീണ്ടും ശ്രീരാമന് ജയ് വിളിച്ചുള്ള ബാനര്‍ വീണ്ടും ഉയര്‍ത്തുമെന്നും സന്ദീപ് വെല്ലുവിളിച്ചു.
അതേസമയം, പാലക്കാട് മുനിസിപ്പാലിറ്റി മന്ദിരത്തില്‍ ജയ് ശ്രീ റാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പാലക്കാട് ടൗണ്‍ പോലിസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.