മുസ്‌ലിം കച്ചവടക്കാരുടെ വണ്ടി നശിപ്പിച്ചതിന് ഹിന്ദുത്വര്‍ക്കെതിരേ കേസ്
സര്‍ധനയിലെ ഒരു മാര്‍ക്കറ്റിന് സമീപം ബിരിയാണി വില്‍ക്കുന്നതിനിടെ തന്റെ വണ്ടി തകര്‍ത്തതായി ബിരിയാണി വില്‍പ്പനക്കാരന്‍ മുഹമ്മദ് സാജിദ് പറഞ്ഞു. മാംസമല്ല, വെജിറ്റേറിയന്‍ സോയ ബിരിയാണിയാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിരിയാണി വില്‍പ്പനക്കാരന്റെ വണ്ടി നശിപ്പിച്ചതിന് ഹിന്ദുത്വ സംഘടനയായ 'സംഗീത് സോം സേന'യുടെ തലവനടക്കം 30 പേര്‍ക്കെതിരേ കലാപത്തിനും കൊള്ളയ്ക്കും കേസെടുത്തു. നവരാത്രി സമയത്ത് മാംസാഹാരം വില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു വെജിറ്റബിള്‍ ബിരിയാണിക്കടക്കാരന്റെ വണ്ടി തകര്‍ത്തത്.
ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തതനുസരിച്ച് സര്‍ധന ഏരിയയിലാണ് സംഭവം. എഫ്‌ഐആറില്‍ പേരുള്ളവരില്‍ സംഗീത് സോം സേന തലവന്‍ സച്ചിന്‍ ഖാതിക്കും ഉള്‍പ്പെടുന്നു.
2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അതുല്‍ പ്രധാനനോട് തോല്‍ക്കുന്നതിന് മുമ്പ് ഒരു ദശാബ്ദക്കാലം സര്‍ധന അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന വിവാദ ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് സംഗീത് സോമിന്റെ പേരിലാണ് സംഘടന അറിയപ്പെടുന്നത്.
സര്‍ധനയിലെ ഒരു മാര്‍ക്കറ്റിന് സമീപം ബിരിയാണി വില്‍ക്കുന്നതിനിടെ തന്റെ വണ്ടി തകര്‍ത്തതായി ബിരിയാണി വില്‍പ്പനക്കാരന്‍ മുഹമ്മദ് സാജിദ് പറഞ്ഞു. മാംസമല്ല, വെജിറ്റേറിയന്‍ സോയ ബിരിയാണിയാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'അവര്‍ ഭക്ഷണമെല്ലാം വലിച്ചെറിഞ്ഞു, എന്റെ വണ്ടി നശിപ്പിക്കുകയും എന്റെ പണം അപഹരിക്കുകയും ചെയ്തു,' സാജിദ് തന്റെ പോലിസ് പരാതിയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. ഖാതിക്കിനും മറ്റ് ആറ് പേര്‍ക്കെതിരേയുമാണ് സാജിദ് പരാതി നല്‍കിയത്. സംഭവത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പോലിസ് കണ്ടാലറിയാവുന്ന 24 പേരെ കൂടി പ്രതിചേര്‍ത്തു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തതിനാല്‍ കൊള്ള, നശീകരണം, സമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.