മെട്രോ മുഹമ്മദ് ഹാജി അനുസ്മരണത്തിന് സംഘപരിവാര്‍ നേതാക്കള്‍; പ്രതിഷേധവുമായി ഒരു വിഭാഗം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍
കാഞ്ഞങ്ങാട്: മുസ്‌ലിംലീഗ് സംസ്ഥാന നേതാവും ചന്ദ്രിക ഡയറക്ടറുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ യോഗത്തെച്ചൊല്ലി വിവാദം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജൂണ്‍ 13 ന് തിങ്കളാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
യോഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും, കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവും ബിജെപി എംഎല്‍എയുമായ രഘുനാഥ് റാവുവും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ഉയരുകയാണ്.
രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തച്ചുടച്ച് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന, പ്രവാചക നിന്ദയും വംശഹത്യാ പ്രചാരണവും നടത്തുന്ന സംഘപരിവാറിനെ ലോകം മുഴുവന്‍ അകറ്റി നിര്‍ത്താന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അവരെ സ്വന്തം വേദികളിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതിനെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ ചോദ്യം ചെയ്യുന്നത്. ഇതര ന്യൂനപക്ഷ പ്രസ്ഥാനങ്ങളോട് കടുത്ത വെറുപ്പ് പ്രകടിപ്പിക്കുന്ന സ്വന്തം നേതൃത്വം ആര്‍എസ്എസിനോട് സൗഹൃദവും സഹകരണവും പ്രഖ്യാപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നു.
ഹിജാബ് വിലക്കേര്‍പ്പെടുത്തി കര്‍ണാടകയിലെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ തുരങ്കം വെക്കുന്ന അവിടെ നിന്നുള്ള ബിജെപി എംഎല്‍എയെ ക്ഷണിച്ചു കൊണ്ടു വരുന്നത് ഒരു നിലക്കും നീതീകരിക്കാനാവുന്നതല്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
സി മുഹമ്മദ് കുഞ്ഞി, കെബിഎം ശരീഫ് തുടങ്ങി കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ മുസ്‌ലിംലീഗ് നേതാക്കളാണ് പരിപാടിയുടെ സംഘാടകര്‍.
മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ഉള്‍പ്പെടെയുള്ളവര്‍ സംഘാടകരായുണ്ട്. മറ്റു പാര്‍ട്ടികള്‍ക്ക് നല്‍കാത്ത അധിക പരിഗണന ബിജെപിക്ക് നല്‍കിയത് അന്വേഷിക്കണമെന്നും ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് ചേര്‍ന്ന ആലോചനാ യോഗത്തിലാണ് പരിപാടിയുടെ രൂപരേഖ തയ്യാറാക്കിയതെന്നും അങ്ങനെയാണെങ്കില്‍ പാണക്കാട് തങ്ങള്‍ക്കെതിരെയും നടപടി വേണ്ടി വരുമെന്നും മറുകൂട്ടരും വാദിക്കുന്നു. ഏതായാലും സംഘപരിവാര്‍ നേതാക്കള്‍ പങ്കെടുക്കുകയാണെങ്കില്‍ പരിപാടി ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ തീരുമാനം.