സംഘപരിവാരമുക്ത കേരളം; കര്‍മപദ്ധതിക്ക് രൂപം നല്‍കി പോപുലര്‍ ഫ്രണ്ട്

Update: 2022-03-13 11:55 GMT

കോഴിക്കോട്: ഹിംസയുടെയും വെറുപ്പിന്റെയും വംശീയ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും അധികാര സ്വാധീനങ്ങളില്‍ നിന്നും രാജ്യത്തെ മതേതര ജനാധിപത്യ വ്യവസ്ഥയെയും ജനങ്ങളെയും രക്ഷിക്കാന്‍ സംഘപരിവാര മുക്ത കേരളം കര്‍മപദ്ധതിക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന പ്രതിനിധിസഭ രൂപം നല്‍കി. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിശാലമായ പ്രചാരണ പരിപാടികള്‍ നടത്താനും സംഘടന തീരുമാനിച്ചു.

അടിമത്വത്തില്‍ ജീവിക്കാനല്ല, സ്വാതന്ത്ര്യം ആസ്വദിക്കാന്‍ വേണ്ടിയാണ് പൂര്‍വികര്‍ സ്വാതന്ത്ര്യസമരവീഥിയില്‍ സജീവമായിരുന്നത്. ഇന്ത്യയെന്ന ആശയത്തെ തകര്‍ത്തെറിഞ്ഞ് അധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്നതും അടിമത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചെറുത്തുനില്‍പ്പുകളും പ്രതിരോധങ്ങളും സജീവമാക്കേണ്ട ഈ ചരിത്ര സന്ദര്‍ഭത്തില്‍ നമ്മുടെ നിലപാടുകള്‍ ഒരുതരത്തിലും ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാവരുത്.

സമൂഹത്തില്‍ എല്ലാ മേഖലകളില്‍ നിന്നും ഫാഷിസത്തെ അകറ്റിനിര്‍ത്താന്‍ കേവല പ്രസ്താവനകള്‍ കൊണ്ട് മാത്രം സാധ്യമല്ല. തീവ്രഹിന്ദുത്വ ആശയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് മൃദുഹിന്ദുത്വവും. മൃദുഹിന്ദുത്വത്തെ മുന്‍നിര്‍ത്തി മതേതരകക്ഷികള്‍ നടത്തുന്ന അനുനയ സമവായ ശ്രമങ്ങളൊക്കെയും യഥാര്‍ഥത്തില്‍ ഫാഷിസത്തിന് സഹായകമാണ്. അത്തരം കപടനിലപാടുകളെ തിരിച്ചറിഞ്ഞ് മതേതര കക്ഷികള്‍ ആര്‍എസ്എസ്സിനെ തള്ളിപ്പറയണം. രാജ്യത്തിന്റെ ഉടമസ്ഥാവകാശത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കുണ്ടെന്ന അഭിമാനബോധം അടിസ്ഥാനമാക്കി ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം.

ഹിന്ദുത്വ ദേശീയതയെ മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസ് ഹിന്ദുസമൂഹത്തില്‍ സജീവമാവുന്നത്. ഹിന്ദു ജനസാമാന്യവുമായി ഒരുതരത്തിലും ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് യോജിക്കാന്‍ കഴിയില്ല. മതം ആര്‍എസ്എസ്സിന് ഉന്‍മൂലന അജണ്ടയ്ക്ക് ഉപയോഗിക്കാന്‍ പാകമായ ഒരു ഉപകരണം മാത്രമാണ്. ഹിന്ദുമതത്തെ ചൂഷണം ചെയ്ത് ആര്‍എസ്എസ് നടത്തുന്ന രക്തച്ചൊരിച്ചിലുകള്‍ തിരിച്ചറിഞ്ഞ് ഹിന്ദുസമൂഹം ആര്‍എസ്എസ്സിനെ തള്ളിപ്പറയുന്ന നിലപാടുകളുമായി മുന്നോട്ടുവരണം. വംശഹത്യ ഭീഷണികളിലൂടെ മുസ്‌ലിംകളെയും ഇതര മത, സാമൂഹിക ഘടകങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ആര്‍എസ്എസ് മുറവിളി കൂട്ടുന്നുണ്ട്.

യുപി തിരഞ്ഞെടുപ്പ് ഫലം മുന്‍നിര്‍ത്തി ഹിന്ദുരാഷ്ട്ര സ്ഥാപനം എന്ന മനക്കോട്ടകെട്ടി രാജ്യം മുഴുവന്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ്സിനെ ഈ രാജ്യത്തെ ജനങ്ങള്‍ അനുവദിക്കില്ല. നീതി പുലരുന്ന ഇന്ത്യയ്ക്കായി ജനത ഒരുപക്ഷത്തും ആര്‍എസ്എസ് മറുവശത്തുമായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ആര്‍എസ്എസ് വിരുദ്ധ പക്ഷത്ത് അണിനിരക്കുകയാണ് ജനാധിപത്യ മതേതര വിശ്വാസികളുടെ കടമ. രാജ്യത്തുടനീളം അനിവാര്യമായും ഉയര്‍ന്നുവരേണ്ട സംഘപരിവാര വിരുദ്ധ ജനകീയ കൂട്ടായ്മയുടെ മുന്നണി പോരാളികളായി പോപുലര്‍ ഫ്രണ്ട് സമരരംഗത്തുണ്ടാവും. എല്ലാ വിഭാഗം ജനങ്ങളും ഇതില്‍ അണിചേര്‍ന്നുനിന്ന് ഇന്ത്യയെ വീണ്ടെടുക്കണമെന്നും പ്രതിനിധിസഭ ആവശ്യപ്പെട്ടു.

Tags:    

Similar News