നെതന്യാഹുവുമായുള്ള രഹസ്യ ചര്‍ച്ച പുറത്തായതിന് പിന്നാലെ ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി സൗദി കിരീടവകാശി

നെതന്യാഹു, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേല്‍ ചാരസംഘടന മേധാവി യോസി കോഹന്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന സുപ്രധാന ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-12-05 10:27 GMT

റിയാദ്: സൗദി നഗരമായ നിയോമിവച്ച് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

നെതന്യാഹു, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേല്‍ ചാരസംഘടന മേധാവി യോസി കോഹന്‍ എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നതാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി നടത്താനിരുന്ന സുപ്രധാന ചര്‍ച്ച റദ്ദാക്കാന്‍ കാരണമെന്ന് അറബ് 48 റിപോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കല്‍, സമീപഭാവിയില്‍ സമാധാന കരാര്‍ ഒപ്പിടല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ചര്‍ച്ച ചെയ്യാനിരുന്നത്. നെതന്യാഹുവിന്റെ സുരക്ഷാ മന്ത്രിസഭയിലെ അംഗവും അദ്ദേഹത്തിന്റെ ലികുഡ് പാര്‍ട്ടി അംഗവുമായ ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് ഈ ആഴ്ച ആദ്യം രഹസ്യ കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍, പോംപിയോയുടെ സമീപകാല സന്ദര്‍ശന വേളയില്‍ അമേരിക്കന്‍, സൗദി ഉദ്യോഗസ്ഥര്‍ മാത്രമാണ് പങ്കെടുത്തതെന്ന് ഇസ്രായേലുമായുള്ള രഹസ്യ ചര്‍ച്ച നിഷേധിച്ച് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദി അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഞായറാഴ്ച വൈകീട്ട് തെല്‍ അവീവില്‍ നിന്ന് നിയോമിലേക്ക് ഒരു വിമാനം എത്തിയതായും അത് തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങിയെന്നും ഫ്‌ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളെ ഉദ്ധറിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് യുഎസ് സൗദിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

Tags:    

Similar News