തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്റ് മുഫ്തി

Update: 2020-04-18 00:59 GMT

റിയാദ്: കൊവിഡ് 19 പ്രതിസന്ധി തുടരുകയാണെങ്കില്‍ തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ വീടുകളില്‍ നിര്‍വഹിക്കാമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അബ്ദുല്ലാ അല്‍ശൈഖ് വ്യക്തമാക്കി. പെരുന്നാള്‍ നമസ്‌കാരത്തിനുശേഷം ഖുതുബ നിര്‍വഹിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളില്‍ തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ചിലരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ നിര്‍വഹിക്കാന്‍ കഴിയില്ലെങ്കിലും മാസപ്പിറവി കണ്ടാല്‍ ഫിത്വര്‍ സകാത്ത് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

    നേരത്തേ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇത്തവണ തറാവീഹ് നമസ്‌കാരങ്ങള്‍ പള്ളിയില്‍ ഉണ്ടാവില്ലെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ പള്ളികളില്‍ തറാവീഹ്-പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ വീട്ടില്‍ തന്നെ പ്രാര്‍ത്ഥന നടത്താം. വിശുദ്ധ റമദാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് പകുതിയോടെ സൗദി അറേബ്യ പള്ളികളിലെ അഞ്ചുനേരത്തെ ജമാഅത്ത് നമസ്‌കാരങ്ങളും വെള്ളിയാഴ്ചത്തെ ജുമുഅയും നിര്‍ത്തലാക്കിയിരുന്നു.







Tags:    

Similar News