ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശനത്തിന് ക്ഷണിച്ച് സല്‍മാന്‍ രാജാവ്
അയല്‍ക്കാരും മുന്‍ എതിരാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ നീക്കമാണിത്.
റിയാദ്: സൗദി സന്ദര്‍ശനത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്. അയല്‍ക്കാരും മുന്‍ എതിരാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ നീക്കമാണിത്.
മേഖലയിലെ എതിരാളിയായ ഇറാനുമായി അടുപ്പം പുലര്‍ത്തുന്നുവെന്നും പ്രാദേശിക അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും ആരോപിച്ച് റിയാദും സഖ്യകക്ഷികളും 2017 ജൂണില്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിക്കുകയും,
ഗള്‍ഫ് രാജ്യത്തിന്മേല്‍ കര, കടല്‍, വ്യോമ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ജനുവരിയില്‍ ഉപരോധമേര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. രാജ്യ സന്ദര്‍ശനത്തിനുള്ള ക്ഷണമുള്‍ക്കൊള്ളുന്ന സല്‍മാന്‍ രാജാവിന്റെ കത്ത് ലഭിച്ചതായി അമീറിന്റെ ഓഫിസ് തിങ്കളാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ക്ഷണം ശൈഖ് തമീം സ്വീകരിച്ചോ എന്ന് ഓഫിസ് വ്യക്തമാക്കിയിട്ടില്ല.