യമന്‍: ഹൂഥിക്കെതിരേ സൈനിക നടപടി പുനരാരംഭിച്ച് അറബ് സഖ്യസേനാ

ഹുഥികള്‍ക്കെതിരായ സൈനിക നടപടി പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണമുണ്ടായത്.

Update: 2020-07-02 10:02 GMT

സന്‍ആ: യമനിലെ ഹൂഥി വിമതര്‍ക്കെതിരേ പടനയിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനാ യുദ്ധവിമാനങ്ങള്‍ നിരവധി യമനി പ്രവിശ്യകളില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഹുഥികള്‍ക്കെതിരായ സൈനിക നടപടി പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണമുണ്ടായത്.

തലസ്ഥാനമായ സന്‍, മആരിബ്, അല്‍ജൗഫ്, അല്‍ബെയ്ദ, ഹജ്ജ, സഅദ പ്രവിശ്യകളില്‍ ബുധനാഴ്ച പകലും രാത്രിയും ബോംബ വര്‍ഷമുണ്ടായതായി ഹൂഥി ഉടമസ്ഥതയിലുള്ള അല്‍ മസിറ മീഡിയ നെറ്റ്‌വര്‍ക്ക് റിപോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ സഅദ പ്രവിശ്യയില്‍ വൃദ്ധസ്ത്രീയും ഒരു കുട്ടിയും കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സന്‍ആയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി.

അതിര്‍ത്തി കടന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഹൂഥികള്‍ക്കെതിരേ സഖ്യം സൈനിക നടപടി പുനരാരംഭിച്ചതായി സൗദി സ്‌റ്റേറ്റ് ടെലിവിഷന്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്‍ആയിലും പരിസര പ്രദേശങ്ങളിലും സഖ്യം 40 ലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ബുധനാഴ്ച അല്‍ ജസീറ അറിയിച്ചു.

വ്യോമാക്രമണത്തെ അപലപിച്ച ഹൂഥികള്‍ സൗദിക്കെതിരേ ശക്തമായ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News