യമനില്‍ വ്യോമാക്രമണം ശക്തമാക്കി സൗദി സഖ്യസേന; സാലിഫ് തുറമുഖത്തിനു നേരെയും മിസൈല്‍ ആക്രമണം
ഹൂഥി സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നാണ് സഖ്യസേനയുടെ വാദം.
സന്‍ആ: തലസ്ഥാനമായ സന്‍ആയും ചെങ്കടല്‍ തീരത്തെ സാലിഫ് തുറമുഖവും ഉള്‍പ്പെടെ യമന്റെ വടക്കുഭാഗത്ത് വ്യോമാക്രമണം കടുപ്പിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. ഹൂഥി സൈനിക ലക്ഷ്യങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നാണ് സഖ്യസേനയുടെ വാദം. മിസൈല്‍, ഡ്രോണ്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന സന്‍ആയിലെ പ്ലാന്റ് വ്യോമാക്രമണത്തില്‍ തകര്‍ത്തതായും സഖ്യസേനാ അവകാശപ്പെട്ടു. ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതര്‍ 2015ല്‍ സന്‍ആ ഉള്‍പ്പെടെ വടക്കന്‍ യമന്റെ ഏറെക്കുറെ ഭാഗങ്ങള്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് സഖ്യസേന യമനില്‍ സൈനികമായി ഇടപെട്ട് തുടങ്ങിയത്.
ഹുഥൈതയ്ക്കു വടക്കുള്ള ഹൂഥി നിയന്ത്രണത്തിലുള്ള സാലിഫ് ധാന്യ തുറമുഖത്ത് മിസൈല്‍ പതിച്ചതായി യുഎന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മിസൈലുകളില്‍ ഒന്ന് ഭക്ഷ്യ ഉല്‍പാദന കമ്പനിയുടെ ധാന്യപ്പുരയിലും മറ്റൊന്ന് അവരുടെ താമസസ്ഥലത്തും പതിച്ചതായി യുഎന്‍ റിപോര്‍ട്ട് പറയുന്നു.
പരിക്കേറ്റ ആറ് തൊഴിലാളികളെ ചികിത്സയ്ക്കായി പ്രാദേശിക മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റിയതായി പ്രാദേശിക അധികാരികളും കമ്പനി മാനേജുമെന്റും അറിയിച്ചതായി ഹുഥൈതയിലെ യുഎന്‍ മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. യമനില്‍ പോരാട്ട ഗ്രൂപ്പുകള്‍ തമ്മില്‍ യുഎന്‍ മധ്യസ്ഥതയില്‍ 2018ല്‍ സ്‌റ്റോക്ക്‌ഹോമില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ചെങ്കടല്‍ തീരത്തെ സാലിഫ് തുറമുഖം ന്യൂട്രല്‍ സോണിന്റെ ഭാഗമാണ്.
'യെമന്‍ ജനതയ്‌ക്കെതിരായ സാമ്പത്തിക യുദ്ധത്തിന്റെ' ഭാഗമാണ് തുറമുഖത്തിനെതിരായ ആക്രമണമെന്ന് ഹൂഥി നിയന്ത്രണത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.