ഇങ്ങനെയും ഭാരം കുറയ്ക്കാമോ...?; 610 കിലോയില്‍ നിന്ന് 63 കിലോയിലേക്ക്

Update: 2024-08-17 10:40 GMT
ഭാരം കൂട്ടാനും കുറയ്ക്കാനുമെല്ലാം പലവിധ പരസ്യങ്ങളും കാണാറുണ്ടല്ലേ. എന്നാല്‍, ആരുമൊന്ന് അല്‍ഭുതപ്പെട്ടു പോവുന്ന വിധത്തില്‍ ഭാരം കുറച്ച കഥയാണ് സൗദി പൗരന്റേത്. ഖാലിദ് ബിന്‍ മുഹ് സിന്‍ ഷഅരി എന്നയാള്‍ കുറച്ചത് എത്ര കിലോയാണെന്നല്ലേ-542 കിലോ. 610 കിലോ ഭാരമുണ്ടായിരുന്ന സൗദി പൗരന്റെ ഇപ്പോഴത്തെ ഭാരം വെറും 63 കിലോയാണ്. ഇയാളുടെ ചിത്രം കണ്ടാല്‍ അയാള്‍ തന്നെയാണോ ഇയാളെന്ന് ആരും ചോദിച്ചുപോവും. ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ അല്ലെങ്കില്‍ ജീവനുള്ള ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്നാണ് ഖാലിദ് ഷഅരി അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍, അസാധ്യമെന്ന് കരുതിയ നേട്ടം കൈവരിച്ചതോടെ 'ദി സ്‌മൈലിങ് മാന്‍' എന്ന് മാറ്റിവിളിക്കുകയാണ്. 2013ല്‍ 610 കിലോ ഭാരമുണ്ടായിരുന്ന ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കേണ്ടി വന്നു. വാര്‍ത്തയറിഞ്ഞ സൗദി മുന്‍ രാജാവ് അബ്ദുല്ലയുടെ ഇടപെടലാണ് വഴിത്തിരിവായത്.

Full View

ഖാലിദിന്റെ ജീവന്‍ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് അബ്ദുല്ല രാജാവ് തയ്യാറാക്കിയത്. ഉന്നത വൈദ്യസഹായം ഒരു ചെലവും കൂടാതെ ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടില്‍ നിന്ന് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഫോര്‍ക്ലിഫ്റ്റും പ്രത്യേകം രൂപകല്‍പ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. മികച്ച ചികില്‍സയും ഭക്ഷണക്രമവും വികസിപ്പിക്കാനായി 30 മെഡിക്കല്‍ പ്രഫഷണലുകളുടെ ഒരു സംഘത്തെ നിയോഗിച്ചു. പ്രത്യേക ഭക്ഷണക്രമം, വ്യായാമ രീതി, അധിക ചര്‍മം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയവയായിരുന്നു ആദ്യ ആറുമാസത്തെ ചികില്‍സ. അമിതമായ ചര്‍മ്മം നീക്കം ചെയ്യാനായി ഒന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തി. കിടപ്പിലായിട്ടും എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന ഷഅരിയെ ഒടുവില്‍ ആശുപത്രി വിട്ടപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരാണ് സ്‌മൈലിങ് മാന്‍ എന്നു വിളിച്ചത്.

Tags:    

Similar News